ന്യൂഡൽഹി: ഇറ്റലിയിൽ നടന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ മടങ്ങിയെത്തി. മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിന് ശേഷമുളള നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനമായിരുന്നു ഇത്. ജി 7 ൽ പ്രത്യേക ക്ഷണിതാവായിട്ടായിരുന്നു ഇന്ത്യയുടെ പ്രാതിനിധ്യം.
മാർപ്പാപ്പയുമായി ഉൾപ്പെടെ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്രമോദിയുടെ സാന്നിദ്ധ്യം അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. തിരിച്ചെത്തിയ അദ്ദേഹം ഇറ്റലിയിലെ സർക്കാരിനും ജനങ്ങൾക്കും ആതിഥേയത്വത്തിന് നന്ദി അറിയിച്ചു. ഇന്ത്യയുടെ വീക്ഷണങ്ങൾ ആഗോള തലത്തിലേക്ക് അവതരിപ്പിക്കാൻ സാധിച്ചതായി പരിപാടിയുടെ സുപ്രധാന നിമിഷങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.പ്രാധാന്യമേറിയ ഉച്ചകോടിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങളുമായുളള ഇന്ത്യയുടെ ബന്ധം കൂടുതൽ ആഴത്തിലുളളതാക്കുന്നതായിരുന്നു ജി 7 വേദിയെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവരുമായും പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി.















