തൃശൂർ: ലൂർദ് മാതാവിന് മുന്നിൽ സ്തുതി ഗീതം ആലപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ”നന്ദിയാൽ പാടുന്നു ദൈവമേ.. അൻപാർന്ന നിൻ ത്യാഗമോർക്കുന്നു”.. എന്ന ഗാനമാണ് അടിപ്പള്ളിയിലെത്തി അദ്ദേഹം പാടിയത്. മാതാവിന് സ്വർണക്കൊന്ത സമർപ്പിച്ചതിന് ശേഷമാണ് അദ്ദേഹം അടിപ്പള്ളിയിലെത്തിയത്. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്ന് പാടിയ ഈ ഗാനം ഈസ്റ്ററിന് പുറത്തിറങ്ങിയിരുന്നു.
തൃശൂരിലെ മുരളീമന്ദിരത്തിലെത്തി കെ കരുണാകരന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് സുരേഷ് ഗോപി മാതാവിനെ കാണാനെത്തിയത്. തുടർന്ന് മാതാവിന് സ്വർണക്കൊന്തയും പൂമാലയും സമർപ്പിച്ചു. ഇതിനുശേഷമാണ് അടിപ്പള്ളിയിലെത്തി ആരാധന നടത്തിയത്. നന്ദി എന്ന് പറയുന്നത് ഹൃദയത്തിലാണുള്ളതെന്നും അത് ഉത്പന്നങ്ങളിൽ അല്ലെന്നും സ്വർണക്കൊന്ത സമർപ്പിച്ചത് വ്യക്തി നിർവഹണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
യേശുദേവൻ അനുഭവിച്ച കഷ്ടതകളും കൊടിയ പീഡനങ്ങളും വിവരിക്കുന്ന ഗാനമാണിത്. ഈസ്റ്ററിന് സുരേഷ് ഗോപി പങ്കുവച്ച ഈ ഗാനം വൈറലായിരുന്നു. ഫാദർ ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ എഴുതിയ വരികൾക്ക് ജോക്‌സ് ബിജോയിയാണ് സംഗീതം നൽകിയിരിക്കുന്നത്.















