തിരുവനന്തപുരം: എംബസി ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ കാറിൽ സഞ്ചരിക്കാമെന്നല്ലാതെ ആരോഗ്യമന്ത്രി കുവൈത്തിൽ പോയിട്ട് മറ്റൊന്നും ചെയ്യാനില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ദുരന്തമുഖത്ത് രാഷ്‌ട്രീയ നിലപാടുകൾ ഉണ്ടാക്കാനും രാഷ്‌ട്രീയത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെ അധിക്ഷേപിക്കുന്നതുമായ സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ ഏതെങ്കിലും വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് യോജിച്ച് ചെയ്തില്ല എന്നൊരു പരാതി ഉണ്ടെങ്കിൽ പറയട്ടെ. മരണപ്പെട്ട 24 പേരുടെയും മേൽവിലാസം സംസ്ഥാനത്ത് നിന്നും മന്ത്രി പോയിട്ടല്ല കണ്ടെത്തിയത്. മുഖ്യമന്ത്രി പറഞ്ഞത് ആശ്വസിപ്പിക്കുന്നത് നാടിന്റെ സംസ്കാരമാണ് അതിന് വേണ്ടിയാണ് കേരളത്തിൽ നിന്നും പോകുന്നതെന്ന്. അവിടത്തെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടിയാണെന്ന് ഇതുവരെയും പറഞ്ഞിട്ടില്ലെന്നും വി മുരളീധരൻ വ്യക്തമാക്കി.
വിദേശങ്ങളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ നടക്കുമ്പോൾ അത് നോക്കാനുള്ള ചുമതല വിദേശത്തെ ഇന്ത്യൻ എംബസിക്കാണുള്ളത്. ആ കാര്യങ്ങൾ കുറച്ചു കൂടി ഏകോപിപ്പിക്കാനും ആ രാജ്യത്തെ മന്ത്രിമാരുമായി സംസാരിക്കാനുമുള്ള ചുമതല ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയത്തിനാണുള്ളത്. സംസ്ഥാനത്തെ മന്ത്രിക്ക് അവിടത്തെ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം ഉണ്ടാകണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോരുത്തരും ചെയ്യേണ്ട ചുമതല എന്താണെന്ന് ഭരണഘടനയിൽ നിർവ്വചിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ മന്ത്രി തന്റെ ചുമതല നിർവ്വഹിക്കുക. കേന്ദ്രമന്ത്രി അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കും. ദുരന്തമുഖത്ത് രാഷ്‌ട്രീയ നിലപാടുകൾ ഉണ്ടാക്കാനും രാഷ്‌ട്രീയത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെ അധിക്ഷേപിക്കുന്നതുമായ സമീപനം ശരിയല്ലെന്നും മുൻ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.















