ന്യൂഡൽഹി: മോദി സർക്കാരിനെതിരെ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശത്തിന് പിന്നാലെ ചുട്ടമറുപടിയുമായി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സത്യപ്രതിജ്ഞാ ചടങ്ങിലെ ജനാധിപത്യ സ്വഭാവം സാക്ഷ്യം വഹിച്ചതിന് ശേഷമാണ് സർക്കാർ വീഴുമെന്ന് ഖാർഗെ പറയുന്നതെന്നും വിഡ്ഢികളുടെ പറുദീസയിലാണ് ഖാർഗെ ജീവിക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
എൻഡിഎ സർക്കാർ അബദ്ധവശാലാണ് അധികാരത്തിലെത്തിയതെന്നും എപ്പോൾ വേണമെങ്കിലും താഴെ വീഴാമെന്നുമാണ് ഖാർഗെ ആക്ഷേപിച്ചത്. ‘മോദിയ്‌ക്ക് ജനവിധിയില്ല, ഇതൊരു ന്യൂനപക്ഷ സർക്കാരാണ്. ഇപ്പോൾ വേണമെങ്കിലും നിലത്ത് വീഴാം. ഇത് തുടരണമെന്ന് ഞങ്ങൾ ആഗ്രിക്കുന്നതേയില്ല. എന്നിരുന്നാലും രാജ്യത്തെ ശക്തമാക്കുന്നതിന് ഞങ്ങൾ സഹകരിക്കും’ – എന്നായിരുന്നു ഖാർഗെയുടെ പരാമർശം.
എൻഡിഎ സർക്കാർ ന്യൂനപക്ഷമാണെന്നും എപ്പോൾ വേണമെങ്കിലും താഴെ വീഴാമെന്നും ആയിരുന്നു ഖാർഗെയുടെ വാക്കുകൾ. ഇത്തരത്തിലുള്ള പരാമർശങ്ങൾ പൊതുസമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പ്രതികരിച്ചു.
അതേസമയം, ഇത്തരം സന്ദർഭങ്ങൾ കോൺഗ്രസ് ഭരണത്തിലും ഉണ്ടായിട്ടുണ്ടെന്നും അന്നത്തെ പ്രധാനമന്ത്രിമാരുടെ സ്‌കോർ കാർഡുകൾ പരിശോധിക്കണമെന്നും ജെഡിയു ഖാർഗെയോട് പറഞ്ഞു. 91 ൽ കോൺഗ്രസിന് ഇന്ന് ബിജെപിക്ക് ലഭിച്ച അത്രയും സീറ്റുകളായിരുന്നു. എന്നാൽ മറ്റ് പാർട്ടികളുടെ പിന്തുണയോടെ നരസിംഹറാവു സർക്കാർ ഉണ്ടാക്കി. പക്ഷെ രണ്ട് വർഷത്തിനുളളിൽ മറ്റ് പാർട്ടികളിൽ നിന്ന് അംഗങ്ങളെ അടർത്തിയെടുത്ത് അദ്ദേഹം ന്യൂനപക്ഷ സർക്കാരിനെ ഭൂരിപക്ഷ സർക്കാരാക്കി മാറ്റിയെന്നും ജെഡിയു നേതൃത്വം വ്യക്തമാക്കി.