കോയമ്പത്തൂര്‍: മലയാളി കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരൻ അറസ്റ്റിൽ. തെലുങ്കുപാളയംപിരിവില്‍ ബി ആനന്ദനെ( 46) യാണ് ശെൽവപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ കോളേജിലെ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയായ 21കാരിയെയാണ് പ്രതി ഉപദ്രവിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി ഭാര്യയ്ക്കും മകനും മകൾക്കുമൊപ്പം വാടക വീട്ടിലായിരുന്നു താമസം. പ്രതിയുടെ വീടിന് സമീപത്താണ് അഞ്ച് കോളേജ് വിദ്യാത്ഥിനികള്‍ വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി മുൻവാതിൽ അടയ്ക്കാൻ പെൺകുട്ടികൾ മറന്നുപോയി. ബുധനാഴ്ച പുലര്‍ച്ചെ ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതി വീട്ടിനുള്ളിലേക്ക് കടന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (എ), 450, തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ സെക്ഷൻ 4 എന്നിവ പ്രകാരമാണ് ശെൽവപുരം പൊലീസ് ആനന്ദനെതിരെ കേസെടുത്തത്.