വയനാട്: പനമരത്തെ പരിഭ്രാന്തിയിലാഴ്‌ത്തി കാട്ടാനക്കൂട്ടം. നാല് കാട്ടാനകളാണ് ജനവാസമേഖലയിൽ ഇറങ്ങിയത്. പ്രതിഷേധവുമായി നാട്ടുകാർ എത്തിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനകളെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചു. രണ്ട് ആനകളെ തുരത്തിയോടിച്ച് വനത്തിനടുത്തെത്തിച്ചെന്നും മറ്റ് രണ്ടാനകളെ പടക്കം പൊട്ടിച്ച് തുരത്താനുള്ള ശ്രമത്തിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് പനമരത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം പുഞ്ചവയലിലെ കൃഷിയിടത്തിൽ നിലയുറപ്പിക്കുകയായിരുന്നു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
പനമരം ഭാഗങ്ങളിൽ ഇത്തരത്തിൽ കാട്ടാന ശല്യം രൂക്ഷമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വേണ്ട നടപടികൾ സ്വീകരിക്കാറില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ ജനുവരിയിൽ 8 കാട്ടാനകളാണ് പ്രദേശത്തിറങ്ങി ഭീതി പടർത്തിയത്. ആനകൾ ഇറങ്ങാതിരിക്കാൻ വനംവകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.















