ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്സിലൂടെയാണ് അദ്ദേഹം അനുശോചിച്ചത്.
വളരെ ദുഃഖകരമായ വാർത്തയാണിതെന്നും മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അമിത് ഷാ എക്സിൽ കുറിച്ചു. സർക്കാരും സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകും. ഇവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
കേന്ദ്രമന്ത്രി ജെപി നദ്ദയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ഈ അപകട വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. എസ്ഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം നടത്തിവരികയാണെന്ന് നദ്ദ എക്സിൽ കുറിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ എയിംസിലേക്ക് എയർലിഫ്റ്റ് ചെയ്തെന്നും അവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും ധാമി പറഞ്ഞു.
നോയിഡയിൽ നിന്ന് രുദ്രപ്രയാഗിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ എട്ട് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഋഷികേശ്- ബദ്രിനാഥ് പാതയിൽ വച്ചായിരുന്നു അപകടം.















