ദുബായ്: യുഎഇയിൽ നിർബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിൽ വന്നു. ഇന്ന് മുതൽ സെപ്റ്റംബർ 15 വരെ നിയമം ബാധകമാകും. ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയാണ് ഉച്ചവിശ്രമം. വിശ്രമ സമയത്ത് തൊഴിലാളികളെ പുറം ജോലി ചെയ്യിക്കാൻ പാടില്ലെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
ഇതോടെ സെപ്റ്റംബർ 15 വരെ തൊഴിലാളികളുടെ ജോലി സമയം രണ്ട് ഘട്ടങ്ങളിലായി എട്ട് മണിക്കൂറായി പരിമിതപ്പെടുത്തി. കൂടുതൽ സമയം ജോലി ചെയ്യിച്ചാൽ അധിക സമയ ജോലിയായി കണക്കാക്കി പ്രത്യേക ആനുകൂല്യം നൽകണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ച വിശ്രമ സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടത് സ്ഥാപനങ്ങളാണ്.
നിയമം ലംഘിച്ച് തൊഴിലാളികളെ വെയിലത്ത് ജോലി ചെയിച്ചാൽ 5000 ദിർഹം എന്ന തോതിലാണ് പിഴ. കൂടുതൽ പേരുണ്ടെങ്കിൽ പരമാവധി 50,000 ദിർഹമായിരിക്കും പിഴയായി നൽകേണ്ടത്. പിഴയ്ക്ക് പുറമെ കമ്പനി തരംതാഴ്ത്തുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മധ്യാഹ്ന ഇടവേള നടപ്പിലാക്കുന്ന സാഹചര്യത്തിൽ സ്വകാര്യ മേഖലയുടെ തയാറെടുപ്പുകൾ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ അവലോകനം ചെയ്തു. മന്ത്രാലയത്തിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം ദുബായിലെ പ്രധാന നിർമാണ സൈറ്റുകളിലൊന്ന് ഡോ. അൽ അവാർ സന്ദർശിച്ചു.