ഗാസ സിറ്റി: സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ. വെടി നിർത്തലിനും മാനുഷിക സഹായങ്ങൾക്ക് വേണ്ടിയും ഇന്ത്യ ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. മൂന്നാമതും പ്രധാനമന്ത്രിയയതിന് പിന്നാലെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കൊണ്ട് അയച്ച കത്തിലാണ് സഹായം അഭ്യർത്ഥിക്കുന്നത്.
ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിൽ ഇന്ത്യക്ക് ബൃഹത്തായ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് മുസ്തഫ കത്തിൽ കുറിക്കുന്നു. ആഗോള നേതാവെന്ന നിലയിലും മനുഷ്യാവകാശങ്ങളെയും സമാധാനത്തെയും വിലമതിക്കുന്ന രാഷ്ട്രമെന്ന നിലയിലും ഗാസയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കാര്യമായ പങ്ക് വഹിക്കാൻ ഭാരതത്തിന് സാധിക്കും. ഗാസയിലെ ജനങ്ങളെ സഹായിക്കണമെന്നും ഉടനടി വെടിനിർത്തലിന് നയതന്ത്രപരമായി ഇടപെടണമെന്നും പലസ്തീൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
ഗാസയ്ക്ക് മാനുഷിക സഹായം വർദ്ധിപ്പിക്കാനും, പലസ്തീൻ പൗരന്മാരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കാനും, ദൃഢനിശ്ചയം ചെയ്യാനും ഇന്ത്യ എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. പലസ്തീൻ ജനതയെ തുടർച്ചയായി പിന്തുണയ്ക്കുന്നതിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നതായും മുസ്തഫ പറഞ്ഞു.
പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയത്തെയും അദ്ദേഹം അഭിനന്ദിച്ചു. രാഷ്ട്ര സേവനത്തോടുള്ള അചഞ്ചലമായ സമർപ്പണത്തിനും ആഗോള തലത്തിലെ പുരോഗതിയുടെയും നേട്ടമാണ് മൂന്നാമതും പ്രധാനമന്ത്രി പദത്തിലെത്തിച്ചതെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു.