ഇന്ദിരാഗാന്ധി രാഷ്‌ട്രമാതാവെന്ന് പറഞ്ഞിട്ടില്ല; കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവും ദേശീയതലത്തിൽ ഇന്ദിരാഗാന്ധി മാതാവുമെന്നാണ് പറഞ്ഞത്; സുരേഷ് ഗോപി

Published by
Janam Web Desk

തിരുവനന്തപുരം: പറയുന്ന കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് മാദ്ധ്യമങ്ങളോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ സ്വകാര്യ സന്ദർശത്തിനിടയിൽ പറഞ്ഞ പരാമർശം മാദ്ധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചു. ഇന്ദിരാഗാന്ധി രാഷ്‌ട്രമാതവാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മുരളീമന്ദിരത്തിലെ സന്ദർശനത്തിന് ശേഷം നടത്തിയ പ്രതികരണം എടുത്ത് പറഞ്ഞു കൊണ്ടാണ് മാദ്ധ്യമങ്ങൾക്ക് മറുപടി നൽകിയത്. ബിജെപി തിരുവന്തപുരം ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

”കെ കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണെന്നും ദേശീയതലത്തിൽ ഇന്ദിരാഗാന്ധി കോൺഗ്രസിന്റെ മാതാവുമെന്നാണ് പറഞ്ഞത്. ഇതിന് ശേഷം നിങ്ങൾ നടത്തിയ കോലാഹലങ്ങളെ കുറിച്ച് ചിന്തിച്ചിട്ടില്ല. നിങ്ങൾ നടത്തുന്ന പരാമർശങ്ങളെ മുഖവിലയ്‌ക്ക് എടുക്കുന്നില്ല. പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഔദ്യോഗിക ചടങ്ങുകളിൽ മാത്രമായി മാദ്ധ്യമങ്ങളെ നിയന്ത്രിക്കേണ്ടി വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതുവരെ താൻ മാദ്ധ്യമങ്ങളെ വിലക്കിയിട്ടില്ല. അങ്ങനെ ചെയ്യണമെന്ന് പലരും ഉപദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.” – സുരേഷ് ഗോപി പറഞ്ഞു.

”കലാകാരൻ എന്ന നിലയ്‌ക്ക് പോലും മാദ്ധ്യമങ്ങളുടെ മുന്നിലേക്ക് എത്തില്ല. ഒഫീഷ്യൽ മീറ്റിംഗുമായി ബന്ധപ്പെട്ടായിരിക്കും നിങ്ങളോട് സംസാരിക്കുക.” – സുരേഷ് ഗോപി പറഞ്ഞു. സത്യസന്ധമായ മാദ്ധ്യമ പ്രവർത്തനം നടത്താമെന്നും നിങ്ങൾക്ക് തീറ്റയാകാൻ നിന്ന് തരില്ലെന്നും അദ്ദേഹം പറഞ്ഞു

നല്ല നട്ടെല്ലുള്ള അന്തസുള്ള പ്രസ്ഥാനത്തിലാണ് താൻ പ്രവർത്തിക്കുന്നത്. ആ അന്തസ് വർദ്ധിപ്പിക്കുന്ന പ്രവർത്തനമായിരിക്കും കാഴ്ചവയ്‌ക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ എംപിയായി തുടരുമെന്നത് വെറും വാക്കല്ല. തമിഴ്‌നാട്ടിലും എന്റെ ശ്രദ്ധയുണ്ടാകും. നേതാക്കളോടുള്ള എന്റെ ബഹുമാനമാണ് ഇപ്പോൾ നൽകിയിരിക്കുന്ന ചുമതലയെന്നും അവസാന നിമിഷ വരെയും ആ പ്രവർത്തനം കാഴ്ചവയ്‌ക്കും. ബിജെപിക്ക് തൃശൂരിലെ ജനങ്ങൾ നൽകിയ ആദരവാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പറഞ്ഞു.

Share
Leave a Comment