ടി20 ലോകകപ്പിലെ മോശം പ്രകടനത്തിൽ താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. വാർഷിക കരാറിൽ മാറ്റം വരുത്താനും, പ്രതിഫലം വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ചുമാണ് പിസിബി ചിന്തിക്കുന്നത്. മുൻ പിസിബി ചെയർമാൻ സാക്ക അഷ്റഫിന്റെ കാലത്ത് നടപ്പാക്കിയ വാർഷിക കരാറാണ് പുനഃപരിശോധിക്കാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശം നിലവിലെ ചെയർമാൻ മൊഹ്സിൻ നഖ്വിക്ക് ലഭിച്ചതായാണ് വിവരം.
കടുത്ത തീരുമാനം എടുക്കാൻ തീരുമാനിച്ചാൽ കളിക്കാരുടെ പ്രതിഫലം, മാച്ച് ഫീ, വാർഷിക കരാർ എന്നിവയിലെല്ലാം മാറ്റം വരുമെന്നാണ് റിപ്പോർട്ട്. ബോർഡ് അംഗങ്ങളും ചെയർമാനും ഇതേക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. ടീമിൽ വലിയ മാറ്റങ്ങൾ വരേണ്ടതുണ്ടെന്ന് ലോകകപ്പിനിടെ ചെയർമാൻ പാക് മാദ്ധ്യമങ്ങളോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
ടി20 ലോകകപ്പ് കിരീടം നേടിയാൽ ഒരു ലക്ഷം ഡോളർ വീതം സമ്മാനമായി നൽകുമെന്ന് പിസിബി ചെയർമാൻ ടൂർണമെന്റിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിൽ തോറ്റത്തിന് പിന്നാലെ ടീമിൽ മാറ്റങ്ങൾ വരുമെന്നും പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ സമയമായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ടീം മാനേജ്മെന്റിനെതിരെയും നഖ്വി രംഗത്തെത്തി. ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ അമേരിക്കയോട് ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത്തിന് പിന്നാലെ ടീമിനെതിരെ രൂക്ഷവിമർശനവുമായി ആരാധകരും മുൻതാരങ്ങളും രംഗത്തെത്തിയിരുന്നു.