ഭോപ്പാൽ: മധ്യപ്രദേശിലെ മദ്യ നിർമാണ ശാലയിൽ നിന്ന് ബാലവേലയ്‌ക്കിരയായ 58 കുട്ടികളെ രക്ഷപ്പെടുത്തി ബാലാവകാശ കമ്മീഷൻ. റയ്‌സൻ ജില്ലയിൽ പ്രവർത്തിക്കുന്ന മദ്യ നിർമാണ ശാലയിൽ നിന്നാണ് 39 ആൺകുട്ടികളെയും 19 പെൺകുട്ടികളെയും ബാലവകാശ കമ്മീഷൻ രക്ഷപ്പെടുത്തിയത്. ബച്ച്പൻ ബച്ചാവോ ആന്തോളൻ സംഘടനയിൽ പ്രവർത്തിക്കുന്നവരും ബാലാവകാശ കമ്മീഷനും സംയുക്തമായി നടത്തിയ പരിശോധനയിൽ 58 കുട്ടികളെ കണ്ടെത്തുകയായിരുന്നു.
മദ്യ നിർമാണ ശാലയിൽ കുട്ടികൾ ജോലിക്കെത്തുന്നുണ്ടെന്ന് ബാലാവകാശ കമ്മീഷന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കമ്പനിയിൽ 58 കുട്ടികളുണ്ടെന്നും ഇവരെ 12 മണിക്കൂർ മുതൽ 14 മണിക്കൂർ വരെ ജോലിയെടുപ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതോടെ കമ്പനിക്കെതിരെ നടപടിയെടുത്ത് കുട്ടികളെ മോചിപ്പിക്കുകയായിരുന്നു. മദ്യം നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ തട്ടി കുട്ടികളുടെ കൈകൾക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും രംഗത്തെത്തി. ബാലവേല നടത്തിയ കമ്പനിയുടെ ഉടമയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്നും കുട്ടികൾ സുരക്ഷിതരാണെന്നും മോഹൻ യാദവ് എക്‌സിൽ കുറിച്ചു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.