ദുബായ്: ത്യാഗസ്മരണയിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ആഘോഷം. യുഎഇയിലെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ദുബായിലും ഷാർജയിലുമായി മലയാളത്തിലുള്ള മൂന്ന് ഈദ് ഗാഹുകൾ നടന്നു.
ഷാർജയിൽ ഹുസൈൻ സലഫിയും ദുബായ് അൽഖൂസ് അൽമനാർ ഇസ്ലാമിക് സെന്ററിൽ മൗലവി മൻസൂർ മദീനിയും ഖിസൈസിൽ മൗലവി ഹുസൈൻ കക്കാടും ഈദ് ഗാഹിന് നേതൃത്വം നൽകി. കുവൈറ്റിലെ തീപിടുത്ത അപകടത്തിൽ മരിച്ചവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകളും നടന്നു.
ദൈവകൽപന മാനിച്ച് പ്രവാചകനായ ഇബ്രാഹിം നബി സ്വന്തം മകനെ ബലിയർപ്പിക്കാൻ തുനിഞ്ഞതിന്റെ ഓർമ പുതുക്കിയാണ് വിശ്വാസസമൂഹം ബലി പെരുന്നാൾ അഥവാ ഈദുൽ അദ്ഹ ആഘോഷിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരകണക്കിന് വിശ്വാസികളാണ് ഷാർജയിലെ പ്രാർഥനകളിൽ പങ്കാളികളായത്.
നമസ്‌കാരത്തിനും പ്രാർഥനയ്‌ക്കും ശേഷം ബന്ധുക്കളെ സന്ദർശിച്ച് ആശംസകൾ കൈമാറി പെരുന്നാൾ ആഘോഷത്തിലേക്ക് പ്രവാസികൾ കടന്നു. ഒമാനിൽ ബലി പെരുന്നാൾ നാളെയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാൾ.