ലക്നൗ: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം കൈമാറി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ വീതമാണ് കുടുംബത്തിന് കൈമാറിയത്. റിയാസി ഭീകരാക്രമണത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും കൈമാറി. കുവൈത്ത് തീപിടിത്തത്തിൽ ഗൊരാഖ്പൂർ സ്വദേശിയായ അംഗദ് ഗുപ്ത, കാംപിയർഗഞ്ച് സ്വദേശിയായ ജയറാം ഗുപ്ത എന്നിവരാണ് മരിച്ചത്.
കുടുംബാംഗങ്ങളെ സന്ദർശിച്ച യോഗി എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. റിയാസി ഭീകരാക്രമണത്തിൽ പരിക്കേറ്റ ഗൊരാഖ്പൂരിലെ രാജേഷ്, ഭൈരോപൂർ സ്വദേശികളായ ഗായത്രി, സോണി എന്നിവർക്കാണ് ധനസഹായം നൽകിയത്.
പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. പരിക്കേറ്റ മൂന്ന് പേർക്ക് ഒരു ലക്ഷം രൂപ വീതവും അദ്ദേഹം കൈമാറി. ഇവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നും ചികിത്സയുടെ കാര്യത്തിൽ ഒരു കുറവും വരുത്തരുതെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കുവൈത്തിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ രണ്ട് ഗൊരാഖ്പൂർ സ്വദേശികളാണ് മരിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിദേശകാര്യ മന്ത്രാലയവുമായും കുവൈത്തിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട് ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ഇന്നലെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തി.