ന്യൂഡൽഹി: കടുത്ത ചൂടും ജലക്ഷാമവും കാരണം വലയുന്ന ഡൽഹിയിൽ വെള്ളത്തിനുവേണ്ടി അടിയും ബഹളവും. ദ്വാരകയിൽ പൊതു ടാപ്പിൽ നിന്നും വെള്ളം നിറയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ദ്വാരകയിലെ സെക്ടർ 23 ൽ കുടിവെള്ളത്തിനായി തർക്കമുണ്ടായെന്നും വിവരം ലഭിച്ചയുടൻ ഒരു സംഘത്തെ സ്ഥലത്തേക്ക് അയച്ചെന്നും പൊലീസ് പറഞ്ഞു. തർക്കത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും ഇവരെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇരുപക്ഷത്തിന്റെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഭവത്തിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.