ലോകത്തിലെ ഏറ്റവും ഉയരമേറിയ ചെനാബ് റെയിൽവേ പാലത്തിലൂടെ ട്രെയിൻ ഓടി; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

Published by
Janam Web Desk

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റിയാസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നല്ലൊരു ശതമാനവും പൂർത്തിയായെന്നും, ടണൽ 1ന്റെ നിർമ്മാണം മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളതെന്നും അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിക്ക് കുറുകെയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി കശ്മീർ താഴ്‌വരയെ ബന്ധിപ്പിക്കുന്ന പാലമാണിത്. ചെനാബ് പാലത്തിന് പാരീസിലെ ഈഫൽ ടവറിനെക്കാൾ 35 മീറ്ററിലധികം ഉയരമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഉധംപൂർ ശ്രീനഗർ ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ കീഴിൽ മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

1315 മീറ്ററോളം നീളമുള്ള പാലത്തെ 17 കൂറ്റൻ തൂണുകളാണ് താങ്ങി നിർത്തിയിരിക്കുന്നത്. 28,000 കോടി രൂപയോളമാണ് പാലം നിർമ്മാണത്തിനായി ചെലവഴിച്ചത്. അതിശക്തമായ ഭൂകമ്പങ്ങളെ അതിജീവിക്കാനുള്ള സംവിധാനങ്ങളും പാലത്തിൽ ഒരുക്കിയിട്ടുണ്ട്. പരീക്ഷണഓട്ടം വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇതുവഴിയുള്ള ട്രെയിൻ സർവീസുകൾ നോർത്തേൺ റെയിൽവേ അധികം വൈകാതെ ആരംഭിക്കുമെന്നാണ് വിവരം.

Share
Leave a Comment