തെലുങ്ക് നടൻ ദർശനും സംഘവും കൊലപ്പെടുത്തിയ രേണുക സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരിക്കുന്നതിന് മുൻപ് രേണുക സ്വാമിക്ക് വൈദ്യുത ഷോക്ക് ഏറ്റിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ദർശൻ ഒന്നാം പ്രതിയും കാമുകിയും നടിയുമായ പവിത്ര ഗൗണ്ട രണ്ടാം പ്രതിയുമാണ്. ഇവരുടെ നിർദ്ദേശത്തിലാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയത്. നിലവിൽ 17 പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
ഒടുവിൽ പിടിയിലായ കേബിൾ ജോലിക്കാരൻ ധൻരാജാണ് ക്രൂരതകളെക്കുറിച്ച് വെളിപ്പെടുത്തിയത്. ബെംഗളൂരുവിലെ ഗോഡൗണിലാണ് സംഭവങ്ങൾ അരങ്ങേറിയത്. ഇലക്ട്രിക് മെഗ്ഗർ ഉപയോഗിച്ചാണ് രേണുക സ്വാമിയ ഷോക്ക് ഏൽപ്പിച്ചത്. പൊലീസ് ഉപകരണം പിടിച്ചെടുത്തിട്ടുണ്ട്. 15 മുറിവുകളാണ് രേണുക സ്വാമിയുടെ ശരീരത്തിലുണ്ടായിരുന്നത്. തലയിലും നെഞ്ചിലും അടിവയറ്റിലുമായിരുന്നു മുറിവുകളിലേറെയും ഫോറൻസിക് സംഘത്തിന്റെ വിശദീകരണത്തിൽ മരണത്തിന് മുൻപ് യുവാവ് കൊടിയ പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്നു.
യുവാവിന്റെ തല ബലമായി വാഹനത്തിൽ ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇങ്ങനെയുണ്ടായ ഗുരുതര മുറിവാണ് മരണത്തിലേക്ക് നയിച്ചത്. നായ്‌ക്കൾ ഇയാളുടെ മുഖവും ശരീരത്തിന്റെ ചില ഭാഗങ്ങളും കടിച്ചെടുത്തിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രേണുക സ്വാമി ദർശന്റെ കടുത്ത ആരാധകനും ഫാൻ ക്ലബിൽ അംഗവുമായിരുന്നു. ജൂൺ എട്ടിനാണ് ചിത്രാദുർഗയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകുന്നത്. ഇയാളെ കടത്തിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.