ന്യൂഡൽഹി: കുക്കി, മെയ്‌തെയ് ഗോത്ര വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്ന മണിപ്പൂരിൽ സുസ്ഥിര സമാധാനത്തിന് ശക്തമായ ഇടപെടലുമായി കേന്ദ്രസർക്കാർ. മെയ്‌തെയ്, കുക്കി വിഭാഗങ്ങളുമായി നേരിട്ട് ചർച്ചകൾ നടത്താനാണ് തീരുമാനം. മണിപ്പൂരിലെ സുരക്ഷാ വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സുരക്ഷാ യോഗത്തിന് ശേഷമാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
2023 മെയ് 3 ന് തുടങ്ങിയ സംഘർഷം ഇനിയും പൂർണമായി അവസാനിച്ചിട്ടില്ല. നേരത്തെ കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് സംഘർഷത്തിന് അയവ് വന്നെങ്കിലും അവസാനിച്ചിരുന്നില്ല. ഒറ്റപ്പെട്ട സംഘർഷങ്ങൾ ഇടയ്‌ക്കിടെ ആവർത്തിക്കുന്നുണ്ട്. സൈന്യത്തിന്റെ സാന്നിധ്യവും പരിശോധനകളുമാണ് ഒരു പരിധി വരെ സംഘർഷം ഒഴിവാക്കുന്നത്.
ഈ സാഹചര്യത്തിലാണ് ശക്തമായ ഇടപെടലിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നത്. കൂടുതൽ സംഘർഷങ്ങളിലേക്ക് നീങ്ങുന്നത് തടയാനുളള നടപടികൾ സ്വീകരിക്കാനും നിരീക്ഷണം ശക്തമാക്കാനും അമിത് ഷാ നിർദ്ദേശം നൽകി. കലാപത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ നിയമാനുസൃതമുളള കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മണിപ്പൂരിന്റെ സമാധാനവും സ്വസ്ഥതയും ഉറപ്പിക്കുന്ന രീതിയിലാകണം സേനാവിന്യാസമെന്നും കൂടുതൽ സൈനികരെ നിയോഗിക്കുമെന്നും അമിത് ഷാ പറഞ്ഞു.
സംഘർഷം അവസാനിപ്പിക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അതിനാലാണ് ഇരു വിഭാഗങ്ങളുമായും കൂടുതൽ ചർച്ച നടത്താൻ തീരുമാനിച്ചതെന്നും ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ മനോജ് പാണ്ഡെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദെക, നിയുക്ത സൈനിക മേധാവി ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി മണിപ്പൂരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ്, മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.