തിരുവനന്തപുരം: രാഹുൽഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയുന്നവരെ റായ്ബറേലിയിൽ മത്സരിക്കാനുള്ള തീരുമാനം പുറത്തുവിട്ടില്ല. താൻ ജയിച്ചുകഴിഞ്ഞാൽ വയനാട്ടിലെ ജനപ്രതിനിധിയായിത്തന്നെ തുടരും എന്നുള്ള പ്രതീതി ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചുവെന്നും എന്നാൽ കേരളത്തിലെ ജനങ്ങളെയാകെ വഞ്ചിക്കുന്ന പ്രവർത്തിയാണ് രാഹുലിന്റേതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പോളിങ് കഴിഞ്ഞയുടൻ റായ്‌ബറേലിയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. അവിടെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് അവസാനദിവസം പോയി നോമിനേഷൻ നൽകി. ഇങ്ങനെയൊക്കെ ചെയ്തതിലൂടെ രാഹുൽ വയനാട്ടിലെ ജനങ്ങളോട് കാണിച്ചിരിക്കുന്നത് അങ്ങേയറ്റത്തെ വഞ്ചനയാണ്, മുരളീധരൻ പറഞ്ഞു.
കേരളത്തിലെ ജനങ്ങളെ എങ്ങനെ കൈകാര്യം ചെയ്താലും കുഴപ്പമില്ല എന്ന സമീപനമാണ് കോൺഗ്രസിന്റേത്. കേരളത്തിലെ ജനങ്ങളോട് ഒരു തരത്തിലുള്ള ജനാധിപത്യ മര്യാദകളും, ഒരു തരത്തിലുള്ള നീതിയും കാണിക്കേണ്ട ആവശ്യമില്ല എന്നൊക്കെയാണ് കോൺഗ്രസിന്റെ നിലപാട്. ഈ സമീപനം കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ല. ഈ വിഷയത്തിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കളുടെ അഭിപ്രായമെന്താണെന്ന് അറിയണം. വയനാട്ടിലെ ജനങ്ങൾ ഈ സമീപനത്തോട് ജനാധിപത്യപരമായ അവരുടെ അവകാശങ്ങൾ ഉപയോഗിച്ച്, വരുന്ന തെരഞ്ഞെടുപ്പിൽ പ്രതികരിക്കണമെന്നും മുരളീധരൻ അഭ്യർത്ഥിച്ചു.