ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പോകുന്ന വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി. ഡൽഹി വിമാനത്താവളത്തിലെ ഓഫീസിൽ ഇമെയിൽ മുഖേനയാണ് ഭീഷണി സന്ദേശമെത്തിയത്. വിമാനം ദുബായിലേക്ക് തിരിക്കാൻ തുടങ്ങുന്നതിനിടെയാണ് വിമാനത്തിൽ ബോംബ് വച്ചതായി സന്ദേശം എത്തിയത്. തുടർന്ന് യാത്രക്കാരെ പുറത്തിറക്കുകയും പരിശോധിക്കുകയും ചെയ്തു.
വിമാനത്തിനുള്ളിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു. വിശദമായ പരിശോധനകൾക്കായി വിമാനം ബേയിലേക്ക് മാറ്റിയിട്ടുണ്ട്. പിന്നീട് ഇത് വ്യാജ സന്ദേശമാണെന്ന് കണ്ടെത്തുകയായിരുന്നു. വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് പ്രതിസന്ധിയിലായ യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അടുത്തിടെ, ഡൽഹിയിൽ നിന്ന് കാനഡയിലേക്ക് പോവുകയായിരുന്ന വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് അടിയന്തിരമായി വിമാനം തിരിച്ചിറക്കി. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ ഉത്തർപ്രദേശിലെ മീററ്റിലുള്ള 13 വയസുകാരനാണ് വ്യാജ സന്ദേശം അയച്ചതെന്ന് കണ്ടെത്തി.















