ഹൈദരാബാദ് : മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി അദ്ധ്യക്ഷനുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്കു വേണ്ടി കൊട്ടിയടച്ച റോഡ് തിങ്കളാഴ്ച (ജൂൺ 17) പൊതുജനങ്ങൾക്കായി ആന്ധ്രാ സർക്കാർ വീണ്ടും തുറന്നു നൽകി. ഗുണ്ടൂർ ജില്ലയിലെ തഡെപള്ളിയിലുള്ള വീടിന്റെ സമീപത്ത് കൂടിയുള്ള റോഡ് ആണ് തുറന്നത്. ഏകദേശം അഞ്ച് വർഷത്തിന് ശേഷമാണ് ഈ റോഡിൽ പൊതു ജനങ്ങൾക്ക് പ്രവേശനം ലഭിച്ചത്.
ഈ വീട് കഴിഞ്ഞ അഞ്ച് വർഷമായി ക്യാമ്പ് ഓഫീസായി ഉപയോഗിച്ചു വരികയായിരുന്നു. സെക്രട്ടേറിയറ്റിന് പകരം ഈ ക്യാമ്പ് ഓഫീസിൽ നിന്നാണ് അദ്ദേഹം ഭരണം നടത്തിയത്. മന്ത്രിസഭാ യോഗങ്ങളും നിയമസഭാ സമ്മേളനങ്ങളും ഒഴികെ അദ്ദേഹം സെക്രട്ടേറിയറ്റും നിയമസഭയും സന്ദർശിച്ചിട്ടില്ല. അങ്ങിനെ കൂടുതൽ സമയവും വീട്ടിലിരുന്ന ജഗന് സുരക്ഷയൊരുക്കുന്നതിന്റെ പേരിലാണ് റോഡ് അടച്ചത്.
ജഗൻ മുഖ്യമന്ത്രിയായിരിക്കെ ഉദ്യോഗസ്ഥർ , മന്ത്രിമാർ, എംഎൽഎമാർ, എംഎൽസിമാർ, എംപിമാർ, പാർട്ടി അണികൾ തുടങ്ങിയവർ അദ്ദേഹത്തെ കാണാണായി ഈ വസതിയിൽ നിരന്തരം എത്താറുണ്ടായിരുന്നതിനാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി റോഡിലേക്ക് പ്രവേശിക്കാൻ പൊതുജനങ്ങളെ പോലീസ് അനുവദിച്ചില്ല.
ജഗൻ മുഖ്യമന്ത്രിയായ ശേഷം അനധികൃത നിർമ്മാണം എന്നാരോപിച്ച് നിരവധി വീടുകൾ നീക്കം ചെയ്താണ് ഈ റോഡ് വികസിപ്പിച്ചത്. താഡപള്ളിയിൽ നിന്ന് രേവേന്ദ്രപാഡുവിലേക്കുള്ള ഈ റോഡിലാണ് ജഗന്റെ വസതി. ഏകദേശം 1.5 കിലോമീറ്റർ ദൂരത്ത് പോലീസ് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല.
ബാരിക്കേഡുകൾ നീക്കിയതിൽ സന്തോഷം പ്രകടിപ്പിച്ചതോടെ ധാരാളം ആളുകൾ റോഡിലേക്ക് എത്തി. സ്വാതന്ത്ര്യത്തോടെ റോഡിലൂടെ സഞ്ചരിച്ച നാട്ടുകാർ കൗതുകത്തോടെ ജഗന്റെ വസതിപുറത്ത് നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു .നാല് ചുവരുകളും ശക്തമായ ഇരുമ്പ് ഷീറ്റുകളും ഗ്രില്ലുകളും കൊണ്ട് മൂടിയിരുന്ന ജഗന്റെ വസതിക്ക് മുന്നിൽ നിന്ന് നാട്ടുകാരിൽ പലരും ഫോട്ടോ എടുക്കുന്നത് കാണാമായിരുന്നു.















