ന്യൂഡൽഹി: രാജ്യത്ത് ചൂട് ഉയർന്നതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഡൽഹി, യുപി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഉത്തരേന്ത്യയിൽ ഒട്ടുമിക്കയിടങ്ങളിലും 46 ഡിഗ്രിക്ക് മുകളിലാണ് താപനില. ഉത്തരാഖണ്ഡ്, ബിഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. ഉഷ്ണതരംഗത്തെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ ബിഹാറിൽ 22 പേർ മരിച്ചിരുന്നു.
ഡൽഹിയിലെ താപനില 45 ഡിഗ്രിയാണ്. ജൂൺ മാസത്തിൽ സാധാരണയായി അനുഭവപ്പെടുന്ന ചൂടിനേക്കാൾ 6 ഡിഗ്രി കൂടുതലാണ് തലസ്ഥാനത്ത് ഇപ്പോഴുള്ള താപനില. 45 ഡിഗ്രിയാണെങ്കിലും 50 ഡിഗ്രിയായി താപനില ഉയർന്നാലുള്ള കാലാവസ്ഥയിലൂടെയാണ് ഡൽഹിയിലെ ജനങ്ങൾ കടന്നുപോകുന്നതെന്നും ഐഎംഡി പറയുന്നു.
ഉയർന്ന താപനില കാരണമുണ്ടായ സാങ്കേതിക തകരാർ മൂലം ഡൽഹിയിൽ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള ഇൻഡിഗോ വിമാനം മൂന്ന് മണിക്കൂറോളം വൈകിയിരുന്നു.
ബുധനാഴ്ച മുതൽ തലസ്ഥാനത്ത് ചൂടിന് അൽപം ആശ്വാസമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നത്. നേരിയ തോതിൽ മഴ പെയ്യാനുള്ള സാധ്യതയും ഐഎംഡി പ്രവചിക്കുന്നു. ഇന്നലെ (ജൂൺ 17) രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ്. 47.6°C ആയിരുന്നു താപനില.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ 43.1 ഡിഗ്രിയും മസൂറിയിൽ 43 ഡിഗ്രിയും താപനില അനുഭവപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസമായി മഴ പെയ്യാത്തതിനാൽ ഹിൽസ്റ്റേഷനുകളായ പൗരി, നൈനിറ്റാൾ എന്നിവിടങ്ങളിൽ പോലും കൊടുംചൂടാണ് രേഖപ്പെടുത്തിയത്. മലയോര സംസ്ഥാനമായ ഹിമാചൽ പ്രദേശിലും 44 ഡിഗ്രി വരെ താപനില ഉയർന്നു. ജമ്മുകശ്മീരിലെ വിവിധയിടങ്ങളിൽ 44.3 ഡിഗ്രി വരെ താപനില ഉയർന്നതായും രേഖപ്പെടുത്തി.