ന്യൂഡൽഹി: ആംആദ്മിയെ വെട്ടിലാക്കി പ്രതിപക്ഷ നേതാക്കൾക്ക് സ്വാതി മാലിവാളിന്റെ കത്ത്. നീതിക്ക് വേണ്ടി പോരാടുമ്പോൾ ക്രൂരമായ വ്യക്തിഹത്യയാണ് താൻ നേരിടുന്നതെന്ന് സ്വാതി മാലിവാൾ പറഞ്ഞു. രാഹുൽ അടക്കമുള്ള ഇൻഡി മുന്നണി നേതാക്കൾക്ക് അയച്ച കത്തിലാണ് സ്വാതി ഇക്കാര്യം വ്യക്തമാക്കിയത്.
पिछले 18 सालों से मैंने ज़मीन पे काम किया है और 9 सालों में महिला आयोग में 1.7 लाख केस में सुनवाई करी है। बिना किसी से डरे और किसी के आगे झुके, महिला आयोग को एक बहुत ऊँचे मक़ाम पे खड़ा करा है। पर बहुत दुख की बात है कि पहले मुझे मुख्यमंत्री के घर पे बुरी तरह पीटा गया, फिर मेरा… pic.twitter.com/Pp0IcChPb9
— Swati Maliwal (@SwatiJaiHind) June 18, 2024
മെയ് 13-ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വച്ചാണ് പാർട്ടിയുടെ വനിതാ നേതാവും രാജ്യസഭാംഗവുമായ സ്വാതി മാലിവാൾ അതിക്രമത്തിന് ഇരയായത്. കെജ്രിവാളിന്റെ അനുയായി ബിഭവ് കുമാറാണ് ആക്രമിച്ചതെന്ന് മാലിവാൾ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഒരു മാസമായി നീതിക്ക് വേണ്ടി പോരാടുമ്പോൾ കടുത്ത ഒറ്റപ്പെടലും ക്രൂരമായ വ്യക്തിഹത്യയുമാണ് താൻ നേരിടുന്നതെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ, കോൺഗ്രസ് നേതാവ് രാഹുൽ, സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, ഉദ്ധവ് താക്കറ തുടങ്ങിയ നേതാക്കൾക്ക് അയച്ച കത്തിൽ സ്വാതി മാലിവാൾ ചൂണ്ടിക്കാട്ടി. അനീതിക്കെതിരെ പോരാടുന്ന പെൺകുട്ടികളെ വേട്ടയാടാൻ വിട്ടുനൽകരുത്, അവർക്ക് ധൈര്യം നൽകുന്നതിനായി ഈ വിഷയം ചർച്ച ചെയ്യണമെന്നും, പ്രതികരണത്തിനായി സമയം കണ്ടെത്തണമെന്നും സ്വാതി ആവശ്യപ്പെട്ടു.
കഴിഞ്ഞ 18 വർഷമായി ഇവിടെ പ്രവർത്തിക്കുന്നയാളാണ് താനെന്നും കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 1.7 ലക്ഷം കേസുകളാണ് വനിതാ കമ്മീഷന്റെ ഭാഗമായി ഇരുന്നുകൊണ്ട് താൻ കേട്ടിട്ടുള്ളതെന്നും സ്വാതി മാലിവാൾ ചൂണ്ടിക്കാട്ടി.
അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വച്ച് ആക്രമണത്തിന് ഇരയായ സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സ്വാതിയുടെ കത്ത് ഇൻഡി മുന്നണിയുടെ ഭാഗമായ ആംആദ്മി പാർട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കത്തയച്ചതോടെ വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകാത്ത അവസ്ഥയിലാണ് പ്രതിപക്ഷ നേതാക്കൾ.