അനന്ദ് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായിട്ടുള്ള ആഘോഷങ്ങൾക്ക് ഈ മാസം 29ന് തുടക്കമാകും. മുംബൈയിലെ അംബാനിമാരുടെ വസതിയായ ആന്റിലിയയിൽ വച്ച് പൂജാ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമിടുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ആഘോഷങ്ങളിൽ അനന്ദും രാധികയും ധരിക്കേണ്ട വസ്ത്രങ്ങൾ പ്രശസ്ത ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോസ്‌ലയും ചേർന്നാണ് ഡിസൈൻ ചെയ്യുന്നത്. ജൂലൈ 12-ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ മൂന്ന് ദിവസത്തെ ആഘോഷങ്ങളോടെയാണ് വിവാഹം നടക്കുന്നത്. ആദ്യ ദിവസം വിവാഹ ചടങ്ങ്, രണ്ടാം ദിവസം ആശിർവാദ് ആഘോഷങ്ങൾ, മൂന്നാം ദിവസം വിരുന്ന് സൽക്കാരം എന്നിങ്ങനെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹഘോഷങ്ങൾക്ക് തുടക്കമായത്. ഗുജറാത്തിലെ ജാംനഗറിലാണ് മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾ നടന്നത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. വേദി ഒരുക്കുന്നതിന് വേണ്ടിയുള്ള മേക്കിംഗ് വീഡിയോയും പുറത്തുവന്നിരുന്നു.
കഴിഞ്ഞ മാസം 29-നായിരുന്നു രണ്ടാമത്തെ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഇറ്റലിയിലെ ആഡംബര ക്രൂയിസ് കപ്പലിലാണ് ആഘോഷങ്ങൾ നടന്നത്. 29-ന് ഇറ്റലിയിൽ നിന്ന് ആരംഭിച്ച് ജൂൺ ഒന്നിന് ഫ്രാൻസിൽ സമാപിക്കുന്നതായിരുന്നു ആഘോഷം. ആഘോഷവേളയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന നിബന്ധന ഏറെ ശ്രദ്ധേയമായിരുന്നു.
29-ന് ആരംഭിക്കുന്ന ആഘോഷത്തിൽ ബിസിനസ്, രാഷ്‌ട്രീയ, സിനിമാ മേഖലകളിലെ പ്രമുഖരും വിദേശത്തുള്ളവരും അതിഥികളായെത്തുമെന്നാണ് വിവരം. മുമ്പ് നടന്ന രണ്ട് ആഘോഷത്തിലും നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തിരുന്നു.















