ന്യൂഡൽഹി: ഇന്ത്യ-തായ്‌വാൻ ബന്ധത്തിൽ, കടന്നുകയറി അഭിപ്രായം പറഞ്ഞ ചൈനയ്‌ക്ക് ചുട്ട മറുപടിയുമായി തായ്‌വാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ടിയാൻ ചുങ്-ക്വാങ്. ചൈനയുടെ വിമർശനത്തെ മോദിജിയോ തായ്‌വാൻ പ്രസിഡന്റോ ഭയപ്പെടുന്നില്ലെന്ന് ടിയാൻ ചുങ്-ക്വാങ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിംഗ് സന്ദേശം അയച്ചിരുന്നു. ആശംസയ്‌ക്ക് നന്ദി അറിയിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. സാമ്പത്തിക- സാങ്കേതിക രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി മറുപടി സന്ദേശത്തിൽ പറഞ്ഞു. ഈ സന്ദേശ കൈമാറ്റം പക്ഷെ ചൈനയ്‌ക്ക് ഇഷ്ടപ്പെട്ടില്ല. പിന്നാലെ ഇന്ത്യ ഇന്ത്യ-തായ്‌വാൻ ബന്ധത്തിൽ പ്രതിഷേധം അറിയിച്ച് ബെയ്ജിംഗ് രംഗത്തെത്തി.
ഒന്നാമതായി, തായ്‌വാന് ‘പ്രസിഡൻ്റ്’ എന്നൊന്നില്ല. ലോകത്ത് ഒരു ചൈന മാത്രമേയുള്ളൂ. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ അവിഭാജ്യ ഭാഗമാണ് തായ്‌വാൻ. അതിനാൽ തായ്‌വാനും മറ്റ് രാജ്യങ്ങളുമായുള്ള എല്ലാതരം ഔദ്യോഗിക ഇടപെടലുകളെയും ചൈന എതിർക്കുന്നതായി ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പ്രസ്താവന ഇറക്കി. ഒപ്പം തായ്‌വാനുമായുള്ള ഇടപെടൽ ഇന്ത്യയ്‌ക്ക ഗുരുതരമായ രാഷ്‌ട്രീയ പ്രതിബദ്ധത വരുത്തിവെക്കുമെന്നും മുന്നറിയിപ്പും ചൈന നൽകിയിരുന്നു. എന്നാൽ ഈ പ്രസ്താവനയെ അന്ന് തന്നെ ഇന്ത്യ പൂർണ്ണമായും തള്ളിക്കളഞ്ഞു.
കഴിഞ്ഞ മാസമാണ് ലായ് ചിംഗ് തായ്‌വാന്റെ പ്രസിഡന്റായി ചുമതലയേറ്റത്. ഇതിന് പിന്നാലെ തായ്‌വാന് ചുറ്റം ചൈന ദിവസങ്ങളോളം സൈനികാഭ്യാസം നടത്തിയിരുന്നു. മറ്റ് രാജ്യങ്ങൾ തായ്‌വാനെയും പ്രസിഡന്റിനേയും അംഗീകരിക്കുന്നത് ചൈനയ്‌ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. അതാണ് സന്ദേശത്തിന് പിന്നാലെ ചൈനയുടെ കാട്ടിക്കൂട്ടലുകൾക്ക് കാരണം.