ഇസ്ലാമാബാദ്: പാകിസ്താനിൽ കുതിച്ചുയർന്ന് പച്ചക്കറി വില. ഈദ് ആഘോഷങ്ങൾക്കിടയിൽ കിലോയ്‌ക്ക് 100 രൂപയായിരുന്ന തക്കാളിയുടെ വില 200 രൂപയിലെത്തി. 480 രൂപയ്‌ക്കാണ് നാരങ്ങ വിൽക്കുന്നത്. ലാഹോറിൽ നിന്ന് പുറത്തേക്കുള്ള തക്കാളികളുടെ കയറ്റുമതി നടത്തുന്നത് പൊലീസ് നിരോധിച്ചിരുന്നു. ഈ അവസരം മുതലാക്കി കച്ചവടക്കാർ വില കൂട്ടുകയാണെന്ന് ഉപഭോക്താക്കൾ പറഞ്ഞു.
പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവയ്‌ക്ക് രണ്ടിരട്ടി വിലയാണ് കച്ചവടക്കാർ ഈടാക്കുന്നത്. പച്ചക്കറികളുടെ കുതിച്ചുയരുന്ന വില പാകിസ്താൻ സർക്കാരിന് നിയന്ത്രിക്കാവുന്നതിലും മുകളിലെത്തിരിക്കുകയാണ്. പച്ചക്കറികൾക്ക് പുറമെ മാംസത്തിനും വില കുതിച്ചുയർന്നിട്ടുണ്ട്.
കോഴിയിറച്ചി കിലോയ്‌ക്ക് 56 രൂപ കൂട്ടി 520-700 രൂപ നിരക്കിലാണ് വിപണികളിൽ വിൽക്കുന്നത്. 494 രൂപ എന്ന നിരക്കിലായിരുന്നു മുമ്പ് കോഴിയിറച്ചി ലാഹോറിൽ വിറ്റിരുന്നത്. 75-80 രൂപ എന്ന നിരക്കാണ് ഉരുളക്കിഴങ്ങിന് സർക്കാരിട്ട വിലയെങ്കിലും ഇതും രണ്ടിരട്ടി വിലയ്‌ക്കാണ് പകിസ്താനിൽ വിൽക്കുന്നത്.
കഴിഞ്ഞ ഈദ് ആഘോഷ ദിവസങ്ങളിലും ഇത്തരത്തിൽ പച്ചക്കറി, പലച്ചരക്ക് സാധനങ്ങളുടെ വില വർദ്ധിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വില നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നീക്കങ്ങളൊന്നും നടക്കുന്നില്ലെന്നും വില വർദ്ധിപ്പിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നില്ലെന്നുമാണ് ഉപഭോക്താക്കൾ പറയുന്നത്.















