പഴങ്കഞ്ഞിയും, കഞ്ഞിവെള്ളവുമൊക്കെ കുടിച്ച് കഴിഞ്ഞിരുന്ന ഒരു കാലം പണ്ട് നമുക്കുണ്ടായിരുന്നു. പഴമക്കാരുടെ ആരോഗ്യ രഹസ്യവും ഇതു തന്നെയായിരുന്നു. എന്നാൽ ഇന്ന് ചോറ് വാർത്ത ശേഷം ബാക്കി വരുന്ന കഞ്ഞിവെള്ളം വെറുതെ ഒഴുക്കി കളയാറാണ് പതിവ്. പകരം എനർജി ഡ്രിങ്കുകൾ നാം ദിവസവും കുടിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഇത്തരം എനർജി ഡ്രിങ്കുകൾ ഒഴിവാക്കി വെറുതെ കളയുന്ന കഞ്ഞിവെള്ളം തന്നെ കുടിച്ച് ആരോഗ്യം വർദ്ധിപ്പിക്കാം..
വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫൈബർ, സിങ്ക്, മാംഗനീസ് എന്നിവയുടെ കലവറയാണ് കഞ്ഞിവെള്ളം. ദിവസവും ഒരുഗ്ലാസ് കഞ്ഞിവെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് കുടിക്കുന്നത് അമിത ഭാരം നിയന്ത്രിച്ച് നിർത്തുന്നതിനും ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കഞ്ഞിവെള്ളത്തിൽ കുറഞ്ഞ കലോറിയാണുള്ളത്. അതിനാൽ ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്.
ദഹന സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റുന്നതിനും ഉത്തമമാണ് കഞ്ഞിവെള്ളം. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് നിയന്ത്രിച്ച് പോഷകഘടകങ്ങൾ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. വിശപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനും ശരീരത്തിൽ ജലാംശത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്. വിശപ്പിനെ നിയന്ത്രിക്കുന്നതിനാൽ ഇടയ്‌ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാൻ സാധിക്കുന്നു. കഞ്ഞിവെള്ളത്തിൽ അൽപം മോര് ഒഴിച്ച് ഉപ്പ് ചേർത്ത് കുടിക്കുന്നത് ഒരു ദിവസം മുഴുവനും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ സഹായിക്കുന്നു.















