ന്യൂഡൽഹി: ജനാധിപത്യത്തിന്റെ ഉത്സവം വിജയിപ്പിച്ചതിന് വാരാണസിയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കാശിയിലെ ജനങ്ങൾ എംപിയെ മാത്രമല്ല തെരഞ്ഞെടുത്തത്, അവർ പ്രധാനമന്ത്രിയെ കൂടിയാണ് തെരഞ്ഞെടുത്തുവെന്നും നരേന്ദ്രമോദി പറഞ്ഞു. വാരാണസിയിൽ പിഎം കിസാൻ സമ്മാൻ നിധി സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക നഗരമാണ് കാശി. അറിവിന്റെ തലസ്ഥാനം കൂടിയാണിത്. നഗരവികസനത്തിൽ പുതിയ അദ്ധ്യായം കുറിക്കാൻ ഒരു പൈതൃക നഗരത്തിന് സാധിക്കുമെന്ന് ലോകത്തിന് മുഴുവൻ തെളിയിച്ച് കൊടുത്ത നാടാണ് വാരാണസി. ഇവിടെ മുഴുവനും വികസനത്തിന്റെയും പൈതൃകത്തിന്റെയും മന്ത്രങ്ങളാണ് മുഴങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഭൂതപൂർവമായ ജനവിധിയാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ടത്. പുതിയ ചരിത്രം സൃഷ്ടിച്ച ജനവിധിയാണിത്. ജനാധിപത്യ രാജ്യങ്ങളിൽ അപൂർവമായി മാത്രമാണ് ഒരേ സർക്കാർ തുടർച്ചയായി മൂന്നാമതും അധികാരത്തിൽ വരിക. ഇത്തവണ ചരിത്ര തീരുമാനമാണ് ഇന്ത്യയിലെ ജനങ്ങൾ സ്വീകരിച്ചത്. 60 വർഷം മുൻപായിരുന്നു ഇന്ത്യയിൽ ഇതുപോലൊരു നിമിഷമുണ്ടായത്. അതിന് ശേഷം ഒരു സർക്കാരിനും ഹാട്രിക് നേട്ടം ഇതുപോലെ കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
31 കോടിയിലധികം സ്ത്രീകൾ ഇത്തവണ വോട്ടുചെയ്തു. ലോകത്തിലെ ഏറ്റവും ഉയർന്ന സ്ത്രീ വോട്ടർമാരുടെ കണക്കാണിത്. അമേരിക്കയിലെ മുഴുവൻ ജനസംഖ്യയുടെ അത്രയും വരുമിത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യവും ശക്തിയും ലോകത്തെ മുഴുവൻ സ്വാധീനിക്കുന്നതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.















