ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദര വിമാനത്താവളത്തിന് നേരെയും പട്‌ന ജയപ്രകാശ് നാരായൺ വിമാനത്താവളത്തിന് നേരെയും ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് രണ്ട് വിമാനത്താവളങ്ങളിലേക്കും സന്ദേശങ്ങളെത്തിയത്. വിമാനത്താവളങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉടനടി പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശങ്ങളിലുണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു.
ഭീഷണി സന്ദേശത്തെ തുടർന്ന് വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൊലീസും ബോംബ് സ്‌ക്വാഡും ചേർന്ന് വിമാനത്താവളങ്ങൾ പരിശോധിച്ചു. നിലവിൽ സംശയാസ്പദമായ തരത്തിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും സന്ദേശങ്ങൾ എവിടെ നിന്നെത്തിയെന്നത് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനത്തിന് നേരെയും വ്യാജ ബോംബ് ഭീഷണിയെത്തിയിരുന്നു. ഡൽഹി വിമാനത്താവളത്തിലേക്കാണ് സന്ദേശമെത്തിയത്. ഇതേത്തുടർന്ന് തുടർന്ന് യാത്രികരെ പുറത്തിറക്കി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ തരത്തിൽ ഒന്നും കണ്ടെത്തിയില്ല.