ലക്‌നൗ: രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിൽ കർഷകരും, സ്ത്രീകളും, യുവാക്കളും പ്രധാന പങ്കുവഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ ശാക്തീകരണത്തിന് തുടക്കമിട്ടാണ് തന്റെ സർക്കാർ മൂന്നാമൂഴം ആരംഭിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിൽ കിസാൻ സമ്മാൻ നിധിയുടെ 17-ാമത്തെ ഗഡു വിതരണം ചെയ്ത ശേഷം പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” വികസിത ഭാരതത്തിന്റെ നെടുംതൂണുകളായി കർഷകരെയും, യുവാക്കളെയും, സ്ത്രീകളെയുമാണ് ഞാൻ കണക്കാക്കുന്നത്. അവരുടെ ശാക്തീകരണത്തിനായി കേന്ദ്ര സർക്കാർ പരിശ്രമിക്കുന്നു. സർക്കാർ രൂപീകരിച്ച ശേഷം ആദ്യം തന്നെ കർഷകർക്കും, ദരിദ്രർക്കും വേണ്ടിയുള്ള പദ്ധതികൾക്കാണ് പ്രാധാന്യം നൽകിയത്. രാജ്യത്തെ കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണം വികസിത ഭാരത്തിലേക്ക് നയിക്കുന്നു. 3 കോടി ജനങ്ങൾക്ക് ഭവനങ്ങളും നിർമിച്ചു നൽകും. കിസാൻ സമ്മാൻ നിധിയുടെ 17-ാമത്തെ ഗഡു വിതരണം ചെയ്ത് മൂന്നാം ഊഴം ആരംഭിച്ചതിൽ സന്തോഷമുണ്ട്.”- പ്രധാനമന്ത്രി പറഞ്ഞു.
വാരാണസിയിലെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് 700 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. 20,000 കോടി രൂപയാണ് 17-ാമത്തെ ഗഡുവായി കിസാൻ സമ്മാൻ നിധിയ്‌ക്ക് അർഹരായ രാജ്യത്തെ കർഷകർക്ക് വിതരണം ചെയ്തിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പിഎം കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യങ്ങൾ അർഹതപ്പെട്ട ജനങ്ങളിലേക്കെത്തുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ ഉറപ്പു വരുത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് വികസിത് സങ്കൽപ് യാത്രയുടെ ഭാഗമായി 1 കോടിയിലേറെ കർഷകർ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്നും സാങ്കേതികവിദ്യകൾ കർഷകർ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ എല്ലാ തീൻ മേശകളിലും ഇന്ത്യയിൽ നിന്നുള്ള ഒരു പച്ചക്കറിയോ ഫലവർഗമോ ഉണ്ടാവട്ടെയെന്നും അതിനായി പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വാരാണസിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 17-ാമത്തെ ഗഡു വിതരണം ചെയ്തത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്രമോദി ഒപ്പുവച്ച ആദ്യ ഫയൽ ഇതായിരുന്നു. 732 കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, ഒരു ലക്ഷത്തിലധികം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, രാജ്യത്തുടനീളമുള്ള 5 ലക്ഷം പൊതുസേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 2.5 കോടി കർഷകരാണ് പരിപാടിയിൽ പങ്കെടുത്തത്.