മലയാള സിനിമയിലെ വലിയൊരു താരത്തിന്റെ തിരിച്ചുവരവിൽ താൻ സഹായിച്ചെന്നും തന്റെ സിനിമയിൽ ആ നടിയെ വിളിച്ചപ്പോൾ വന്നില്ലെന്നും മംമ്ത മോഹൻ ദാസ്. കൂടാതെ, താൻ നിർമ്മാതാവിന്റെ ചെലവിനെ കുറിച്ച് ചിന്തിച്ചാണ് ഹോട്ടലിൽ മുറി പോലും ബുക്ക് ചെയ്യുന്നതെന്നും നടി പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു മംമതയുടെ വെളിപ്പെടുത്തൽ.
‘ഞാനൊരു ഹോട്ടലിൽ മുറി ബുക്ക് ചെയ്യുമ്പോൾ നിർമാതാവിന്റെ ചെലവിനെകുറിച്ച് ചിന്തിക്കാറുണ്ട്. പക്ഷെ, സിനിമാ മേഖലയിൽ എത്ര താരങ്ങൾ നിർമാതാക്കളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഞാൻ കണ്ടിട്ടുണ്ട്. ഏഴോ എട്ടോ അസിസ്റ്റന്റുമാരുടെ ആവശ്യമില്ല. ഞാൻ ജോലി ചെയ്യുന്നത് രണ്ട് അസിസ്റ്റന്റുമാരെ വച്ചാണ്.
ഇൻഡസ്ട്രിയിലെ പണം,പ്രശസ്തി എന്നിവയുമൊക്കെയായി ബന്ധപ്പെട്ട് എത്രനാളായി ചർച്ചകൾ നടക്കുന്നു. പൊസിഷൻ വൺ, ടു ,ത്രീ, സൂപ്പർസ്റ്റാർ പദവി… ഏത് ഇൻഡസ്ട്രിയിൽ ആയാലും ഇതെല്ലാം അവർ തന്നെ പറഞ്ഞുണ്ടാക്കുന്നതാണ്. ഇതൊന്നും പ്രേക്ഷകർ നൽകുന്ന പദവിയല്ല. അവർ തന്നെ പി ആർ ഒയെ വച്ച് ഇങ്ങനെ പ്രിന്റ് ചെയ്യണമെന്ന് പറയുന്നതാണ്.
മംമ്ത നീ പ്രശ്സ്തിക്ക് പിന്നാലെ പോകാത്തതെന്താണെന്ന് എന്റെ സുഹൃത്ത് ചോദിച്ചിട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ്, ഷൂട്ടിംഗ് സെറ്റിൽ വച്ച് സംഭവിക്കുന്ന കാര്യങ്ങളൊന്നും എന്നെ ബാധിക്കാത്തത്. മാറ്റി നിർത്തിയതിൽ ഇതുവരെയും എനിക്ക് സങ്കടമൊന്നും ഉണ്ടായിട്ടില്ല. ഇതെല്ലാം വിധിയായിരിക്കാം.
ഒരു ഉറപ്പുമില്ലാത്ത താരങ്ങൾ മാത്രമേ, മറ്റു നടിമാർ നമ്മുടെ സിനിമയിൽ വരുമ്പോൾ ആശങ്കപ്പെടാറുള്ളൂ. ഞാനൊരു സെക്യൂർ ആർട്ടിസ്റ്റായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിരവധി താരങ്ങൾ എന്റെ സിനിമയിൽ സെക്കൻഡ് ഹീറോയിൻ ആയിട്ട് വന്നിട്ടുണ്ട്. ഞാൻ സെക്യൂർ ആർട്ടിസ്റ്റാണ്. ഞാൻ നിരവധി സിനിമകളിൽ സെക്കൻഡ് ഹീറോയിനായി അഭിനയിച്ചിട്ടുണ്ട്. കരിയറിൽ നിരവധി ഇടവേളകളുണ്ടായിട്ടുണ്ട്.
മലയാളത്തിൽ ഒരു നടി വലിയൊരു തിരിച്ചുവരവ് നടത്തിയിട്ടുണ്ടായിരുന്നു. ആ നടിയുടെ സിനിമയിൽ ഞാൻ സെക്കൻഡ് ലീഡ് ആയിരുന്നു. സപ്പോർട്ടിംഗ് ലീഡായും അഭിനയിച്ചിരുന്നു. ആ നടിയുടെ തിരിച്ചുവരവിനെ സപ്പോർട്ട് ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ഞാൻ ആ റോൾ ചെയ്തത്. എന്നാൽ, ഞാൻ ലീഡ് ചെയ്യുന്ന സിനിമയിൽ ആ നടിയെ അതിഥി വേഷത്തിൽ വിളിച്ചപ്പോൾ പറ്റില്ലെന്നായിരുന്നു മറുപടി.’- മംമ്ത പറഞ്ഞു.















