ശ്രീനഗർ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീനഗറിൽ യോഗാഭ്യാസം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. 9,000 പേർ അദ്ദേഹത്തിനൊപ്പം യോഗ ചെയ്യും. ഇതിന് പുറമേ ജമ്മു കശ്മീരിലെ 20-ലേറെ ജില്ലകളിലെ ജനങ്ങൾ വെർച്വലായും പങ്കെടുക്കും.
ഓരോ ജില്ലയിൽ നിന്നും കുറഞ്ഞത് 2,000 പേർ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിലാകും (എസ്‌കെഐസിസി) മഹാ യോഗാഭ്യസം സംഘടിപ്പിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ജൂൺ 20-ന് ശ്രീനഗറിലെത്തും. ഗ്രാമപ്രദേശങ്ങളിൽ യോഗയെ പ്രോത്സാഹിപ്പിക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കാനും രാജ്യത്തുടനീളമുള്ള ഗ്രാമ പ്രധാൻമാർക്ക് പ്രധാനമന്ത്രി കത്തയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ് റാവു ജാദവ് പറഞ്ഞു.
“യോഗ- വ്യക്തിക്കും സമൂഹത്തിനും” എന്നതാണ് ഈ വർഷത്തെ പ്രമേയം. വ്യക്തിപരവും സാമൂഹികപരവുമായ ക്ഷേമത്തിന് യോഗയുടേെ പ്രാധാന്യത്തെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയും യോഗയുടെ പ്രാധാന്യം ലോകത്തെ അറിയിക്കുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.