ന്യൂഡൽഹി: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുല്ലപ്പെരിയാർ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ഐഎസ്ആർഒയിലെ ശാസ്ത്ര, സാങ്കേതിക വിദഗ്ധരുമായും അദ്ദേഹം ചർച്ച നടത്തി.
ഇസ്രോ ചെയർമാനുമായും മറ്റ് ശാസ്ത്രജ്ഞന്മാരുമായും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ ശാസ്ത്രീയവും സാങ്കേതികവുമായ ചർച്ചകൾ ഉൾപ്പെടെ നടന്നതായി സുരേഷ് ഗോപി സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. ഇസ്രോ ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയ്‌ക്ക് ചന്ദ്രയാന്റെ രൂപത്തിലുള്ള ഉപഹാരവും സോമനാഥ് സമ്മാനിച്ചു.
#SuresshGopi at ISRO HQ, New BEL Road, Bangalore, discussing Mullaperiyar issue with several scientific and technical wings. More news to follow from the horse’s mouth. Stay tuned!@TheSureshGopi pic.twitter.com/G1jeyBCFok
— Team Suressh Gopi (@SGOfficialTeam) June 18, 2024
കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ സുരക്ഷയുമായി സംബന്ധിച്ച് മേൽനോട്ട സമിതി പരിശോധന നടത്തിയിരുന്നു. പരിശോധന നടക്കുന്ന സ്ഥലത്തേക്ക് മാദ്ധ്യമങ്ങളെ കടത്തിവിടാത്തതിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ജനങ്ങളിൽ നിന്നും പലതും ഒളിക്കുന്നതിനാലാണ് ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.
മുല്ലപ്പെരിയാറിന്റെ സുരക്ഷാ പരിശോധനകൾ വേഗത്തിലാക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്. 2011-ൽ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സംഘം അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തിയിരുന്നു. 2018-ൽ വീണ്ടും പരിശോധന നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും തമിഴ്നാടിന്റെ നിസ്സഹകരണം മൂലം അതിന് കഴിഞ്ഞിരുന്നില്ല.