വിശാഖപട്ടണം:ആന്ധ്രാപ്രദേശിലെ മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി വിശാഖപട്ടണത്തിലെ മനോഹരമായ ബീച്ചിന് മുന്നിലുള്ള റുഷിക്കൊണ്ട കുന്നുകളിൽ നിർമ്മിച്ച ഗംഭീരമായ ആഡംബര റിസോർട്ട് വിവാദമാകുന്നു. സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത് മുതൽ, തെലുങ്ക് രാഷ്‌ട്രീയം ഇതിന്റെ ചുറ്റും കറങ്ങുകയാണ്. വിനോദസഞ്ചാര പദ്ധതിയെന്ന വ്യാജേന നിർമ്മിച്ച ഈ റിസോർട്ട് ജഗന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് ടിഡിപി നേരത്തെ തന്നെ ആരോപിച്ചിട്ടുണ്ട്.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ടിഡിപിയുടെ വിജയത്തെത്തുടർന്ന് ഈ റിസോർട്ടിന്റെ നിർമ്മാണവും അതിനു പിന്നിൽ നടന്ന അഴിമതിയും ഒന്നൊന്നായി പുറത്തു വരികയാണ്. കഴിഞ്ഞ ദിവസം ടിഡിപി എംഎൽഎ ഗന്ത ശ്രീനിവാസ റാവുവും അദ്ദേഹത്തിന്റെ അനുയായികളും സ്ഥലത്ത് പ്രതിഷേധ പ്രകടനം നടത്തുകയും തുടർന്ന് മാദ്ധ്യമങ്ങൾ ഈ ഹിൽ പാലസിന്റെ വിശദ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ഹിൽപാലസിന്റെ വിവിധ വീഡിയോകൾ തെലുങ്ക് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
2021 അവസാന മാസങ്ങളിലാണ് ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷന്റെ (എപിടിഡിസി) കീഴിലുള്ള റുഷിക്കൊണ്ട കുന്നിൽ റിസോർട്ട് നിർമ്മിച്ച് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് വൈഎസ്ആർസിപി സർക്കാർ പ്രഖ്യാപിച്ചത്. മല ഇടിച്ച് ഏതാണ്ട് 9.88 ഏക്കർ പ്രദേശം റിസോർട്ടിനായി രൂപമാറ്റം വരുത്തി .ഔദ്യോഗിക രേഖകൾ പ്രകാരം ഈ പ്രദേശം ബ്ലോക്കുകളാക്കി വിഭജിച്ച് 460 കോടി രൂപ ചെലവിൽ കെട്ടിടങ്ങൾ നിർമിക്കുകയായിരുന്നു. 2022 ഫെബ്രുവരിയിൽ മുൻ ടൂറിസം മന്ത്രി ആർ.കെ.റോജ പദ്ധതി ഉദ്ഘാടനം ചെയ്തു.

എന്നാൽ ടൂറിസം പദ്ധതിയുടെ മറവിൽ ജഗൻമോഹൻ റെഡ്ഢിക്ക് വേണ്ടി ആഡംബര ബംഗ്ളാവ് പണിയുകയാണെന്നുള്ള ആരോപണം അന്ന് മുതൽ ഉണ്ടായിരുന്നു. പദ്ധതിയെക്കുറിച്ചുള്ള ഒരു വിവരങ്ങളും ജഗൻ സർക്കാർ പുറത്ത് വിടാതെയിരുന്നത് ഇതിലെ രഹസ്യാത്മകതയെക്കുറിച്ച് ആശങ്ക വർദ്ധിപ്പിക്കുന്നതിനു കാരണമായി. കൊട്ടാരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ വൈഎസ്ആർസിപി സർക്കാർ പാവപ്പെട്ടവർക്ക് നൽകിയ വീടുകളേക്കാൾ വലുതാണ് റുഷിക്കൊണ്ട റിസോർട്ടിലെ കുളിമുറികളെന്നുള്ള ആരോപണം സത്യമാകുന്ന അവസ്ഥയാണുള്ളത്.
വൈഎസ്ആർസിപി സർക്കാർ 91 കോടി രൂപ മുടക്കി പഞ്ചനക്ഷത്ര ഹോട്ടൽ നിർമിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഒടുവിൽ 95 കോടി രൂപ പൊളിക്കലിനും ഖനനത്തിനുമായി മാത്രം ചെലവഴിച്ചു, പിന്നീട് നിർമാണച്ചെലവ് 460 കോടിയായി ഉയർത്തി.കലിംഗ, ഗജപതി, വെങ്കി എന്നീ പേരുകളിൽ മൂന്നു ബ്ലോക്കുകളായിട്ടാണ് ഈ മലൈക്കോട്ടൈ നിർമ്മിച്ചിരിക്കുന്നത്.12 വളരെ വലിയ കിടപ്പുമുറികളും 1,41,433 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയയും ഉള്ള റുഷിക്കൊണ്ട റിസോർട്ട് ആഡംബരത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ശാന്തമായ പരിസ്ഥിതിയുണ്ടായിരുന്ന റുഷിക്കൊണ്ട കുന്നുകൾ ചെങ്കുത്തായി കൊത്തിയെടുത്താണ് മൂന്ന് കൊട്ടാരങ്ങൾ നിർമ്മിച്ചത്. പദ്ധതിക്കായി വിഭാവനം ചെയ്ത 452 കോടി രൂപയിൽ 407 കോടി രൂപ ജഗൻ സർക്കാർ ചെലവഴിച്ചതായി റിപ്പോർട്ടുണ്ട്. കുളിമുറികൾ 480 ചതുരശ്ര അടി വരെ വലുതായിരുന്നു. ടൂറിസം പ്രോത്സാഹനത്തിനായി എന്ന് പറഞ്ഞു നിർമ്മിച്ച കൊട്ടാരത്തിൽ 7,266 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മീറ്റിംഗ് ഹാളുകളുടെ ആവശ്യമെന്തെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

കലിംഗ ബ്ലോക്കിലെ ഒന്നാം നിലയിലെ മീറ്റിംഗ് ഹാളിൽ 2 ലക്ഷം രൂപ വിലയുള്ള നിലവിളക്ക് ഉണ്ടായിരുന്നു, വലിയ ഇടനാഴികൾ വിലകൂടിയ ഇറക്കുമതി ചെയ്ത മാർബിളും സമാനമായ നിലവിളക്കുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.കലിംഗ ബ്ലോക്കിൽ ചുവരിൽ വളരെ വലിയ സ്‌ക്രീനുള്ള ഒരു ഹോം തിയേറ്ററും ഉണ്ടായിരുന്നു.
ഗജപതി, വെങ്കി ബ്ലോക്കുകളിലും ഇതേ സൗകര്യങ്ങളാണ് ഉള്ളത് . ഇൻ്റേണൽ ഡെക്കറേഷനായി 33 കോടിയും ലാൻഡ്സ്കേപ്പിംഗിനായി 50 കോടിയും സർക്കാർ ചെലവഴിച്ചു. കുളിമുറി ഉൾപ്പെടെ മുഴുവൻ സമുച്ചയത്തിലും സെൻട്രൽ എയർ കണ്ടീഷനിംഗ് സൗകര്യം ഉണ്ടായിരുന്നു. കടലിനഭിമുഖമായ ഡൈനിംഗ് ഹാൾ, എല്ലാ കിടപ്പുമുറികളിലും 12 കിടക്കകൾ, ബാത്ത്റൂമുകളിൽ സ്പാ സൗകര്യങ്ങൾ എന്നിവ പ്രത്യേക ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.
നിർമാണച്ചെലവ് അതീവ രഹസ്യമായി സൂക്ഷിക്കുകയും ജഗന്റെ പാർട്ടിയായ വൈഎസ്ആർസിപിയെ പിന്തുണയ്‌ക്കുന്നവർക്ക് കരാർ നൽകുകയും ചെയ്തുവെന്ന് ടിഡിപി ആരോപിക്കുന്നു. റുഷിക്കൊണ്ടയിൽ 8 കോടി രൂപ വരെ വാർഷിക വരുമാനം ഉണ്ടാക്കിയിരുന്ന വിനോദസഞ്ചാരത്തിനുള്ള ഗ്രീൻ റിസോർട്ടുകൾ ഉണ്ടായിരുന്നു. ഇവ ഈ കൊട്ടാരത്തിനായി പൊളിച്ചുമാറ്റിയതായി ടിഡിപി ആരോപിക്കുന്നു. തുടക്കത്തിൽ, സംസ്ഥാന സർക്കാർ ഇതിനെ സ്റ്റാർ ഹോട്ടൽ എന്നും പിന്നീട് “സിഎം ക്യാമ്പ് ഓഫീസ്” എന്നും പിന്നീട് ടൂറിസം പദ്ധതി എന്നും വിശേഷിപ്പിച്ചു. നിർമാണ പ്രവർത്തനങ്ങൾ മറച്ചുവയ്‌ക്കാൻ 20 അടി ഉയരമുള്ളബാരിക്കേഡുകൾ സ്ഥാപിച്ചു.

“റുഷിക്കൊണ്ട ഹിൽ പാലസ് ജഗൻ സർക്കാർ നടത്തിയ അഴിമതിയുടെ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും . ഋഷികൊണ്ടയ്‌ക്ക് സമാനമായ നിരവധി കാര്യങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട് എന്നും പൊതുജനങ്ങൾക്കു മുന്നിൽ ഞങ്ങൾ എല്ലാം വെളിപ്പെടുത്തും എന്നും ടിഡിപി നേതാവും ആന്ധ്രാപ്രദേശ് ഐടി മന്ത്രിയുമായ നാരാ ലോകേഷ് മാധ്യമങ്ങളോട് പറഞ്ഞു.















