ലക്നൗ: വാരണാസിയിലെ സ്പോർട്സ് കോംപ്ലക്സ് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരോടൊപ്പമാണ് അദ്ദേഹം ഡോ. സമ്പൂർണാനന്ദ് സ്‌പോർട്‌സ് കോംപ്ലക്സിലെത്തിയത്. കാശിയിൽ നിർമാണത്തിലിരിക്കുന്ന സ്റ്റേഡിയത്തിന്റെ പുരോഗതിയും അദ്ദേഹം അവലോകനം ചെയ്തു.
നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കിസാൻ സമ്മാൻ സമ്മേളനത്തിലും ദശാശ്വമേധ ഘട്ടിലെ ഗംഗാ ആരതിയിലും പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രി കോംപ്ലക്സിലെത്തിയത്. കാശിവിശ്വനാഥ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി.
സ്പോർട്സ് കോംപ്ലക്സും പുതുതായി നിർമിക്കുന്ന സ്റ്റേഡിയവും കാശിയിലെ യുവാക്കൾക്ക് വളരെയധികം പ്രയോജനകരമാകുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. സന്ദർശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
ലോകോത്തര നിലവാരത്തിലുള്ള കായിക സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം ഒരുക്കുന്നതെന്ന് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സ്റ്റേഡിയത്തിന്റെ മാതൃക പ്രധാനമന്ത്രിയെ കാണിച്ച് നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.















