ന്യൂഡൽഹി: അയോദ്ധ്യ , വാരണാസി, പുരി, ദ്വാരക, ഷിർദി, തിരുപ്പതി, അമൃത്‌സർ എന്നിവയുൾപ്പെടെ 17 നഗരങ്ങൾ വരും വർഷങ്ങളിൽ അതിവേഗ റിയൽ എസ്റ്റേറ്റ് വികസനത്തിന് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോർട്ട് . ആത്മീയ വിനോദസഞ്ചാരം, അടിസ്ഥാന സൗകര്യ പദ്ധതികൾ, ഡിജിറ്റലൈസേഷൻ എന്നീ മേഖലകളിൽ വൻ കുതിപ്പാണ് ഉണ്ടാകുകയെന്നും റിയൽ എസ്റ്റേറ്റ് കൺസൾട്ടൻ്റായ കോളിയേഴ്‌സ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
ഉയർന്ന വളർച്ചാ സാധ്യതയുള്ള 30 നഗരങ്ങളാണ് പട്ടികയിൽ ഉള്ളത് . ഈ 30 നഗരങ്ങളിൽ, ഏറ്റവും ഉയർന്ന സാധ്യതയുള്ള 17 നഗരങ്ങൾ ത്വരിതഗതിയിലുള്ള റിയൽ എസ്റ്റേറ്റ് വികസനത്തിന് സാക്ഷ്യം വഹിക്കുമെന്ന് പറയപ്പെടുന്നു.
അമൃത്സർ, അയോദ്ധ്യ, ജയ്പൂർ, കാൺപൂർ, ലക്നൗ, വാരണാസി പട്ന, പുരി , ദ്വാരക, നാഗ്പൂർ, ഷിർദി, സൂറത്ത് , കോയമ്പത്തൂർ, കൊച്ചി, തിരുപ്പതി, വിശാഖപട്ടണം , ഇൻഡോർ എന്നിവയാണ് പട്ടികയിൽ ഇടം നേടിയ നഗരങ്ങൾ . അമൃത്‌സർ, അയോദ്ധ്യ, ദ്വാരക, പുരി, ഷിർദി, തിരുപ്പതി, വാരണാസി എന്നിവ ആത്മീയ വിനോദസഞ്ചാരത്താൽ നയിക്കപ്പെടുന്ന നഗരമാണെന്നും റിപ്പോർട്ടിൽ പറയുന്നു .
ഗവൺമെന്റിന്റെ നയ പിന്തുണയും അടിസ്ഥാന സൗകര്യ വികസനങ്ങളും കൊണ്ട് ശക്തിപ്പെടുത്തി, ഇന്ത്യയിലെ നിരവധി ക്ഷേത്ര നഗരങ്ങളുടെ വികസനത്തിന് ഒരു നിർണായക വളർച്ചാ ചാലകമായി ആത്മീയ ടൂറിസം മാറുകയാണ്. മെച്ചപ്പെട്ട റോഡുകൾ, ട്രെയിനുകൾ, പുതിയ വിമാനത്താവളങ്ങൾ എന്നിവയിലൂടെ ഇൻഫ്രാസ്ട്രക്ചറിലെ നവീകരണവും മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റിയും ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപകരെ ഇത്തരം ആത്മീയനഗരങ്ങളിലേയ്‌ക്ക് ആകർഷിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.















