ലക്നൗ: കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവലിംഗത്തെ വണങ്ങുകയും ജലാഭിഷേകം നടത്തുകയും ചെയ്യുന്ന ചിത്രങ്ങളാണ് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചത്.
ഭാരതത്തിന്റെ പുരോഗതിക്കും 140 കോടി ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിച്ചുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. മഹാദേവന്റെ അനുഗ്രഹം എന്നും നമ്മുടെ കൂടെ ഉണ്ടായിരിക്കുമെന്നും എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാശിയിലെ ഗംഗാ ആരതിയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചിട്ടുണ്ട്. ഗംഗാ ആരതിയ്‌ക്ക് സാക്ഷ്യം വഹിക്കാനാകുന്നത് മാസ്മരികമായ അനുഭവമാണെന്നും ഗംഗയുടെ സൗന്ദര്യവും പരന്ന് കിടക്കുന്ന വെളിച്ചവും ഭക്തിയും ഗംഗയെ സവിശേഷമാക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പ്രധാനമന്ത്രിയോടൊപ്പം ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ഗംഗാ ആരതിയിൽ പങ്കെടുത്തു. വാരണാസിയിൽ നടന്ന കിസാൻ സമ്മാൻ സമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷമാണ് പ്രധാനമന്ത്രി കാശിയിലെത്തിയത്.