ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ ശക്തമായ സാന്നിധ്യമാകാൻ അദാനി ഗ്രൂപ്പ് . ബംഗളൂരുവിലെയും ഹൈദരാബാദിലെയും ഡ്രോൺ ടെക്‌നോളജി കമ്പനികളെ ഏറ്റെടുക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം . പ്രതിരോധ മേഖലയ്‌ക്കായി 2.5 ബില്യൺ ഡോളർ വരെയാണ് അദാനി ഗ്രൂപ്പ് നീക്കിവച്ചിരിക്കുന്നത് .
ഡ്രോൺ ടെക്‌നോളജി കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കരാർ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ഏറ്റെടുക്കലിലൂടെ കൂടുതൽ നൂതന സാങ്കേതിക വിദ്യകൾ പ്രതിരോധ രംഗത്ത് നടപ്പാക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
മാത്രമല്ല കാൺപൂരിൽ വെടിമരുന്ന് ഫാക്ടറി ആരംഭിക്കാനും, തെലങ്കാനയിൽ കൗണ്ടർ ഡ്രോൺ, ചെറു ആയുധങ്ങൾ, മിസൈലുകൾ, തദ്ദേശീയ പീരങ്കികൾ എന്നിവയ്‌ക്കായി മറ്റൊരു കേന്ദ്രമൊരുക്കാനും പദ്ധതിയിടുന്നുണ്ട്.
2022-ൽ അദാനി ഗ്രൂപ്പ് ബംഗളൂരു ആസ്ഥാനമായുള്ള ആൽഫ ഡിസൈൻ ടെക്‌നോളജീസ് ഏറ്റെടുത്തിരുന്നു . ഈ നീക്കം അദാനി ഗ്രൂപ്പിന്റെ സാങ്കേതിക കഴിവുകളെ കൂടുതൽ ശക്തിപ്പെടുത്തി. കഴിഞ്ഞ വർഷം മെയ് മാസത്തിൽ, ഐഎസ്ആർഒ ഐഎംഎസ്-1 സാറ്റലൈറ്റ് ബസ് ടെക്നോളജി ആൽഫ ഡിസൈൻ ടെക്നോളജീസിന് കൈമാറി . ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഇൻ്ററസ്റ്റ് എക്സ്പ്ലോറേറ്ററി നോട്ട് (ഐഇഎൻ) വഴി ഈ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യാൻ കണ്ടെത്തിയ രണ്ട് സ്വകാര്യ കമ്പനികളിൽ ഒന്നായിരുന്നു ഇത്. .
നാവികസേനയുടെ കപ്പൽവേധ മിസൈലുകൾ ഉൾപ്പെടെ വിവിധ പദ്ധതികളിൽ അദാനി ഗ്രൂപ്പ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനുമായി (ഡിആർഡിഒ) സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.ഈ മാസം ആദ്യം, അദാനി ഡിഫൻസ് & എയ്‌റോസ്‌പേസും യുഎഇയിലെ ലോകത്തിലെ മുൻനിര നൂതന സാങ്കേതിക-പ്രതിരോധ ഗ്രൂപ്പുകളിലൊന്നായ എഡ്ജ് ഗ്രൂപ്പും മിസൈലുകൾ, ആയുധങ്ങൾ, സൈബർ സംവിധാനങ്ങൾ എന്നിവയിൽ തങ്ങളുടെ വൈദഗ്ധ്യം സംയോജിപ്പിച്ച് തന്ത്രപ്രധാനമായ പ്രതിരോധ, സൈനിക മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.