എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭം പെരുപ്പിച്ച് കാട്ടി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിക്ക് പിന്നാലെ ഇഡിക്ക് പരാതി നൽകി നിർമാതാക്കൾ. മലയാള സിനിമയിലെ രണ്ട് പ്രമുഖ നിർമാതാക്കളാണ് പരാതി നൽകിയത്. ചില സിനിമകളുടെ കേരളത്തിലെ ടിക്കറ്റ് കളക്ഷൻ പെരുപ്പിച്ച് കാണിക്കാനും സിനിമയുടെ റേറ്റിംഗ് ഉയർത്തിക്കാട്ടി കാണികളെ തിയേറ്ററുകളിലെത്തിക്കുന്നതിനുമായി ലോബികൾ പ്രവർത്തിക്കുന്നുണ്ടെന്ന് കാണിച്ചാണ് നിർമാതാക്കൾ ഇഡിയ്‌ക്ക് പരാതി നൽകിയത്.
ചിത്രങ്ങൾ തിയേറ്ററുകളിലെത്തുന്നതിന് മുമ്പ് തന്നെ ലക്ഷക്കണക്കിന് രൂപയുടെ സൗജന്യ ടിക്കറ്റുകൾ ലോബിയുടെ കൈവശം എത്തുമെന്നും നിർമാതാക്കളുടെ പരാതിയിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടക്കുന്നതെന്ന് നിർമാതാക്കൾ ആരോപിച്ചു.
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിൽ പലതും ലോബിയുടെ നിയന്ത്രണത്തിലാണ്. ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിന് മുമ്പ് സൗജന്യ ടിക്കറ്റ് ലോബിയ്‌ക്ക് ലഭിക്കുമ്പോൾ ഇത് മുഴുവൻ സിനിമയുടെ യഥാർത്ഥ ടിക്കറ്റ് കളക്ഷന്റെ കണക്കിൽ വരും. ഇതാണ് ലോബിയുടെ തന്ത്രമെന്ന് നിർമാതാക്കൾ ആരോപിക്കുന്നു. ലോബിയുമായി സഹകരിക്കാൻ വിസമ്മതിക്കുന്ന നിർമാതാക്കളുടെ സിനിമകളെ തിയേറ്ററിൽ നിന്ന് പിൻവലിക്കാൻ ഗൂഢ ശ്രമങ്ങൾ നടക്കുന്നതായും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.
പ്രദർശനത്തിന് അഞ്ച്- ആറ് മണിക്കൂർ മുമ്പ് തന്നെ ബുക്കിംഗ് ആപ്പിൽ ഹൗസ്ഫുള്ളായി കാണിക്കുന്ന ചില സിനിമകളിൽ പകുതിയിലധികം സീറ്റുകൾ ഒഴിഞ്ഞ നിലയിലായിരിക്കും. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഉൾപ്പെടെ ചേർത്താണ് ഇഡിയ്‌ക്ക് പരാതിയായി നൽകിയിരിക്കുന്നത്.















