മലയാള സിനിമ താരങ്ങൾക്കിടയിൽ ഒരുപാട് സൗഹൃദങ്ങളുണ്ട്. അതിലേറെ ആഘോഷിക്കപ്പെട്ട ഒരു സൗഹൃദ കൂട്ടായ്മയായിരുന്നു ശ്വേതാ മേനോൻ, മഞ്ജു വാര്യർ, ഭാവന, സംയുക്ത വർമ്മ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ് കൂട്ടുകെട്ട്. എന്നാൽ ഇതിൽ നിന്നും ചില കാരണങ്ങൾ കൊണ്ട് ശ്വേതാ മേനോൻ മാറി പോയിരുന്നു. ഇപ്പോഴിതാ, ഈ സൗഹൃദം വേണ്ട എന്ന് വച്ചതിന്റെ കാരണം തുറന്നു പറയുകയാണ് നടി. കൂട്ടത്തിലെ ചിലർ പറഞ്ഞ കള്ളമാണ് തനിക്ക് ദഹിക്കാതെ വന്നതെന്നും അതുകൊണ്ടാണ് ഈ കൂട്ടത്തിൽ നിന്നും പുറത്തു കടന്നതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.
“നമ്മുടെ കാഴ്ചപ്പാട് എല്ലാം മാറി. ഞാൻ ഒരു സൈനികന്റെ മകളാണ്. എനിക്ക് നേരെ വാ, നേരെ പോ എന്നതു മാത്രമേ അറിയൂ. വാക്കുകൾ പിടിച്ചും ഒടിച്ചും സംസാരിക്കാൻ എനിക്കറിയില്ല. പറയാനുള്ളത് ഞാൻ നേരിട്ട് പറയും. ഞാൻ ഒറ്റ മകളാണ്. എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയുകയുള്ളൂ. എന്നോട് കള്ളത്തരം പറഞ്ഞാൽ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. അത് ഇവരല്ലാ, ആരാണെങ്കിലും അങ്ങനെതന്നെ. അങ്ങനെ കള്ളത്തരം പറഞ്ഞാൽ എനിക്ക് അത് ദഹിക്കില്ല. ഞാൻ ആരുടെയും ജീവിതത്തിൽ വന്നു കള്ളത്തരം പറയാറില്ല, അതുകൊണ്ട് എന്നോടും ആരും പറയണ്ട. അങ്ങനെ എന്തോ ഒരു സ്വരച്ചേർച്ച ഉണ്ടായതാണ് ഈ സൗഹൃദം തകരാൻ കാരണം”.
“കള്ളത്തരം പറഞ്ഞതുകൊണ്ടാണ് സൗഹൃദം വേണ്ടെന്നുവച്ചത്. എന്നെ മാത്രമാണ് അവർ പറ്റിച്ചത്. ഞാൻ ബോംബെക്കാരി ആണല്ലോ. ഞാനെന്തിന് ഇവരെ ബുദ്ധിമുട്ടിക്കണമെന്ന് എനിക്ക് തോന്നി. പുറത്തുനിന്നുള്ളവർ ചോദിക്കാൻ തുടങ്ങിയപ്പോൾ ആകെ ബുദ്ധിമുട്ടായി. ദിലീപ് മഞ്ജു വാര്യർ വിഷയം മാത്രമായിരുന്നില്ല. അത് വേറെ ഒരു രീതിയിലാണ്. എന്തായാലും എനിക്ക് കുറച്ചു കാര്യങ്ങൾ ഇഷ്ടപ്പെട്ടില്ല. ഞങ്ങൾ തമ്മിൽ യുദ്ധമൊന്നും നടന്നില്ല. ശരി എന്നു പറഞ്ഞു ആ സൗഹൃദം പിരിഞ്ഞു, അത്രമാത്രം. അവരെല്ലാം ഇപ്പോഴും സൗഹൃദത്തിലാണ്, അതിൽ ഞാനില്ല എന്നേയുള്ളൂ”-ശ്വേതാ മേനോൻ പറഞ്ഞു.















