ശ്രീനഗർ: കശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ പിടിയിൽ. കശ്മീർ സ്വദേശി ഹക്കീം ദിൻ ആണ് പിടിയിലായത്. രജൗരിയിലെ ഭണ്ഡാരയിൽ വച്ച് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
ബസിന് നേരെ വെടിയുതിർത്ത ഭീകരർക്ക് ഇയാൾ പിന്തുണ നൽകിയെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഭീകരർക്ക് പിന്തുണ നൽകിയതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും പൊലീസ് അന്വേഷിക്കും.
ജൂൺ 9നായിരുന്നു റിയാസി ജില്ലയിലെ ശിവ് ഖോരിയിൽ വച്ച് തീർത്ഥാടകരുടെ ബസിന് നേരെ ഭീകരർ വെടിയുതിർത്തത്. ഇതോടെ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഭീകരാക്രമണത്തിൽ 10 തീർത്ഥാടകർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
എല്ലാവരും മരിച്ചുവെന്ന് ഉറപ്പാക്കാൻ ബസ് മലയിടുക്കിലേക്ക് മറിഞ്ഞതിന് ശേഷവും ഭീകരർ വെടിയുതിർത്തിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താൻ പിന്തുണയുള്ള ഇസ്ലാമിക് ഭീകര സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തിരുന്നു.















