ബെംഗളൂരുവിൽ കുടിവെള്ള നിരക്ക് ഉയർത്തുമെന്ന് കർണാകട ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ബെംഗളൂരു വാട്ടർ സപ്ളൈ സ്വീവറേജ് ബോർഡ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇത് മറികടക്കാനാണ് നിരക്ക് ഉയർത്തുന്നതെന്നുമാണ് വിശദീകരണം. പതിറ്റാണ്ടുകളായി കുടിവെള്ള നികുതി ഉയർത്തിയിരുന്നില്ല. ഇപ്പോൾ അത്യാവശ്യമാണെന്ന ഘട്ടത്തിലാണ് പരിഷ്കരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
നേരത്തെ വരുമാനം വർദ്ധിപ്പിക്കാനെന്ന പേരിൽ ഇന്ധനത്തിന്റെ വിൽപ്പന നികുതിയും കർണാടക സർക്കാർ വർദ്ധിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് വീണ്ടും ഇരുട്ടടിയായുള്ള നിരക്ക് ഉയർത്തൽ. കുടിവെള്ള പ്രശ്നം രൂക്ഷമായിരുന്ന സംസ്ഥാനമാണ് കർണാടക. ഇതിനിടെയാണ് സർക്കാരിന്റെ ജനദ്രോഹ നടപടി.
പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.5 രൂപയുമാണ് ലിറ്ററിന് ഉയർത്തിയത്. ഉയർന്ന വൈദ്യത ബില്ലുകളും തൊഴിലാളികളുടെ ശമ്പളമടക്കമുള്ള കാരണമാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി. ജലവകുപ്പിന്റെ പുതിയ പദ്ധതികളെ സഹായിക്കാൻ ഒരു ബാങ്കും തയാറല്ലെന്നും കാവേരി ജലവിതരണ പദ്ധതിയുടെ അഞ്ചാം ഘട്ടം പൂർത്തിയാക്കാൻ പെടാപാട് പെടുകയാണെന്നും ശിവകുമാർ അറിയിച്ചു.















