പാലക്കാട്: പട്ടാമ്പി ആമയൂർ എംഇഎസ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും തമ്മിലായിരുന്നു സംഘർഷം. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പൂർവ വിദ്യാർത്ഥികൾ സപ്ലി പരീക്ഷ എഴുതുന്നതിനായി കോളേജിലേക്ക് എത്തിയപ്പോഴായിരുന്നു സംഘർഷമുണ്ടായത്. പഠനകാലത്ത് അവസാന വർഷ വിദ്യാർത്ഥികളുമായി വാക്കുതർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായിയുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
വടിയും മറ്റ് ആയുധങ്ങളുമായാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. തുടർന്ന് അധ്യാപകർ ഇടപെട്ട് ഇവരെ പിടിച്ചു മാറ്റി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിദ്യാർത്ഥികൾ ഇതുവരെ പൊലീസിൽ പരാതിപ്പെടാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.















