ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും വ്യാജ മദ്യ ദുരന്തം. കള്ളക്കുറിച്ചിയിൽ വ്യാജ മദ്യം കഴിച്ച് 5 പേർ മരിച്ചു.10 ഓളം പേരെ ചികിത്സയ്‌ക്കായി കള്ളക്കുറിച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ പ്രതികരിച്ചു. മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വവും മുഖ്യമന്ത്രി സ്റ്റാലിന്റെ ഡി.എം.കെ സർക്കാർ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകളിൽ പെട്ട മന്ത്രി മസ്താനെയും മന്ത്രി ദുരൈ സാമിയെയും ഡി.എം.കെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. സംസ്‌ഥാനത്ത് വ്യാജ മദ്യത്തിനെതിരെ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് തുടർ സംഭവങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 5 പേർ മരിച്ചു എന്ന വാർത്ത ഞെട്ടലുളവാക്കുന്നു. 10 പേർ അത്യാഹിത വിഭാഗത്തിലാണ്. മരക്കാനത്തും മധുരത്തങ്കത്തും 23 പേർ വ്യാജമദ്യദുരന്തത്തിൽ കൊല്ലപ്പെട്ടത് തുടർകഥയാകുകയാണ് . വീണ്ടും 5 പേരുടെ മരണത്തിന് കാരണക്കാരായ ഡി.എം കെ സർക്കാരിനെ ഞാൻ ശക്തമായി അപലപിക്കുന്നു. കള്ളക്കടത്തു കാരുമായി സമ്പർക്കം പുലർത്തുന്ന മന്ത്രി മസ്താനെതിരെ ഡി എം കെ യാതൊരു വിധ നടപടിയും സ്വീകരിക്കാതെ നാടകം കളിക്കുകയാണ്. തുടർ ജീവഹാനിക്ക് കാരണക്കാരായ മദ്യനിരോധിത മന്ത്രി എത്രയും പെട്ടെന്ന് ഉത്തരവാദിത്വം ഏറ്റെടുക്കണം. ബന്ധപ്പെട്ട വകുപ്പിലെ മന്ത്രിമാരായ മസ്താനെയും ദുരൈസാമിയെയും എത്രയും പെട്ടെന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിനോട് ഞാൻ ആവശ്യപ്പെടുകയാണ് “, അണ്ണാമലൈ പറഞ്ഞു.
കഴിഞ്ഞ വർഷം വില്ലുപുരം ജില്ലയിലെ മരക്കാനത്തും ചെങ്കൽപട്ട് ജില്ലയിലെ മധുരത്തങ്കത്തും വ്യാജ മദ്യം കഴിച്ച് 23 ഓളം പേർ കൊല്ലപ്പെട്ടിരുന്നു.















