സിനിമാ ചിത്രീകരണത്തിനിടെ നടി പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്. നടിയുടെ കഴുത്തിനാണ് പരിക്കേറ്റത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രിയങ്ക തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴുത്തിനേറ്റ മുറിവിന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു അപകട വിവരം പുറത്ത് വിട്ടത്.
എന്റെ ജോലിക്കിടിയിലുള്ള പ്രൊഫഷണൽ അപകടങ്ങൾ എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ബ്ലഫ് എന്ന ഹോളിവുഡ് ചിത്രത്തിലെ സംഘട്ടനരംഗത്തിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്.
ഫ്രാങ്ക് ഇ ഫ്‌ളവേഴ്‌സ് സംവിധാനം ചെയ്യുന്ന ‘ദ ബ്ലഫ്’ പത്തൊൻപതാം നൂറ്റാണ്ടിലെ കഥയാണെന്നാണ് സൂചന. കരീബിയൻ പശ്ചാത്തലത്തിൽ നിർമ്മിക്കുന്ന ഈ ചിത്രം മുൻ കടൽക്കൊള്ളക്കാരിയുടെ ജീവിതകഥയിലൂടെയാണ് പുരോഗമിക്കുന്നത്. ഈ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയങ്ക ചോപ്രയാണ്.
റൂസ്സോ ബ്രദേഴ്‌സിന്റെ ബാനർ എജിബിഒ സ്റ്റുഡിയോയും ആമസോൺ എംജിഎം സ്റ്റുഡിയോയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഓസ്‌ട്രേലിയയിലാണ് ‘ദ ബ്ലഫി’ന്‍റെ ചിത്രീകരണം പുരോഗമിക്കുന്നത്. ദ ബ്ലഫ് കൂടാതെ ‘ഹെഡ് ഓഫ് സ്റ്റേറ്റ്’ എന്ന ഹോളിവുഡ് ചിത്രത്തിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്. ഇദ്രിസ് എല്‍ബ, ജോണ്‍ സിന എന്നിവരാണ് ഹെഡ് ഓഫ് സ്റ്റേറ്റിലെ മറ്റു താരങ്ങള്‍. ലവ് എഗെയ്ന്‍ എന്ന ഇംഗ്ലീഷ് ചിത്രമാണ് പ്രിയങ്കയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.