ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരനന്തത്തിൽ മരണം 25 ആയി. അറുപതിലേറെ പേർ ആശുപത്രിയിലാണ്. 9 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരണ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും.
സംഭവത്തിൽ 49കാരനായ കെ കണ്ണുകുട്ടിയെ പൊലീസ് പിടികൂടി. ഇയാളുടെ പക്കൽ നിന്ന് മാരകമായ മെഥനോൾ അടങ്ങിയ 200 ലിറ്റർ വ്യാജ മദ്യം പിടിച്ചെടുത്തതായി സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു. ദുരന്തത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. വ്യാജമദ്യം വിറ്റ പ്രതികളിൽ ഒരാളെ പിടികൂടിയതായും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും ദുരന്തത്തിന് കാരണമായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചൊവ്വാഴ്ചയാണ് മദ്യം കഴിച്ചതിന് പിന്നാലെ ആളുകൾക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഛർദ്ദിയും, വയറുവേദനയും തലക്കറക്കവും അനുഭവപ്പെട്ടതോടെ ആളുകൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തിന് പിന്നാലെ സർക്കാരിനെതിരായുള്ള വിമർശനങ്ങളും ഉയരുകയാണ്. വ്യാജ മദ്യം നിരോധിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്നാണ് ഉയർന്നു വരുന്ന ആരോപണങ്ങൾ.