തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത് ഒരു രാഷ്‌ട്രീയ പരിപാടിയാണെന്ന് ശത്രുക്കൾ പോലും പറയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അങ്ങനെ പറയാൻ യാതൊരു ഗ്രൗണ്ടുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മൻ കി ബാത് മൂന്നാം സീസണിന് മുന്നോടിയായി സംഘടിപ്പിച്ച ക്വിസ് പരിപാടിയും വായനാദിനാചരണവും പട്ടം സെന്റ്‌മേരീസ് സ്‌കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൻ കി ബാതിന്റെ ഏറ്റവും വലിയ ഫോളൊവേഴ്‌സ് വിദ്യാർത്ഥി സമൂഹമാണ്. മൻ കി ബാതിനെ അടിസ്ഥാനമാക്കിയുളള ക്വിസ് മത്സരം മൻ കി ബാതിൽ നിന്ന് വിദ്യാർത്ഥികൾ എന്താണ് മനസിലാക്കിയിരിക്കുന്നതെന്ന് അളക്കാനുള്ള അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റേഡിയോ ശ്രവണത്തിന് പുതിയ രൂപം നൽകിയ പരിപാടിയാണ് മൻ കി ബാത് എന്നും സുരേഷ് ഗോപി പറഞ്ഞു.
2014 ഒക്‌ടോബർ 3 നാണ് മൻ കി ബാത് ആരംഭിച്ചത്. അത് 110 അധ്യായങ്ങൾ പിന്നിട്ടുവെന്നത് ഒരു രാജ്യത്തെ സംബന്ധിച്ച് കീർത്തി ചാർത്തപ്പെടുന്ന അംഗീകാരമാണ്. മൻ കി ബാതിന്റെ ഫലപ്രാപ്തിയും ഉദ്ദേശ്യശുദ്ധിയുമാണ് പ്രധാനകാര്യം. ഈ രാജ്യത്തിന്റെ വളർച്ചയുടെ തിളക്കം പകരുന്ന സംഭാവനകൾ കൂടി ആ പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ചരിത്രം പഠിച്ചിരിക്കേണ്ട ചരിത്ര വിദ്യാർത്ഥികൾക്ക് മാത്രമല്ല, ജീവിത ചരിത്രങ്ങൾ അറിഞ്ഞിരിക്കേണ്ട ഓരോ വ്യക്തിയിലേക്കും വളർച്ചയുടെ കണ്ണികൾ പ്രചരിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. മൻ കി ബാതിന്റെ 111 ആം അദ്ധ്യായമാണ് ജൂൺ 30 ന് പ്രക്ഷേപണം ചെയ്യുന്നത്.