ചെന്നൈ: കള്ളക്കുറിച്ചിൽ വ്യാജ മദ്യം കുടിച്ച് നിരവധി പേർ മരണപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നു. വ്യാജ മദ്യം തടയുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്നുവെന്ന് ഗവർണർ ആർ. എൻ രവി വിമർശിച്ചു. സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയും വിഷയം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും അണ്ണാഡിഎംകെ മദ്രാസ് ഹൈക്കോതടിയെ സമീപിച്ചിട്ടുണ്ട്.
വ്യാജ മദ്യം തടയുന്നതിൽ ഡിഎംകെ സർക്കാർ അലസമായ സമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി കുറ്റപ്പെടുത്തി. നടന്നത് ദാരുണ സംഭവമാണെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാജി വയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈയും പ്രതികരിച്ചിരുന്നു. ബന്ധപ്പെട്ട വകുപ്പുകളിൽപ്പെട്ട മന്ത്രി മസ്താനെയും മന്ത്രി ദുരൈ സാമിയെയും ഡി.എം.കെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വ്യാജ മദ്യത്തിനെതിരെ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരത്തിലുള്ള സംഭവങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. സഭാ സമ്മേളനം ചേരുന്ന പശ്ചാത്തലത്തിലാണ് സ്റ്റാലിനും ഡിഎംകെയ്‌ക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നത്.
എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ വ്യാജ മദ്യം കുടിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയും ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. സർക്കാർ തലത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.