ഇന്ത്യൻ വിപണിയിൽ മറ്റൊരു ഇലക്ട്രിക് കാർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എംജി മോട്ടോഴ്സ്. കമ്പനിയുടെ ഇന്ത്യയിലെത്തുന്ന മൂന്നാമത്തെ ഇവിയാണിത്. ഇതിന് എംജി ക്ലൗഡ് ഇവി എന്നാണ് പേര് നൽകിയിരിക്കുന്നത് . ഈ വർഷം സെപ്റ്റംബറോടെ ഇത് വിപണിയിലെത്തും. ഇന്തോനേഷ്യൻ, ചൈനീസ് വിപണികളിൽ വുളിംഗ്, ബോജുൻ ബ്രാൻഡിംഗുമായാണ് കാർ വരുന്നത്.
ആഗോള വിപണിയിൽ എത്തുന്ന എംജി ക്ലൗഡ് ഇവി മോഡലിന് ഏകദേശം 4295 എം.എം. നീളം 1850 എം.എം. വീതി, 1652 എം.എം. ഉയരം 2700 എം.എം. വീല്‍ബേസ് എന്നിവയാകും ഉണ്ടാകുക. മുന്നിലും പിന്നിലും പൂർണ്ണമായ എൽഇഡി ലൈറ്റ് ബാറുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, മുൻ ബമ്പറിൽ ഘടിപ്പിച്ച ഹെഡ്‌ലാമ്പുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. 5 സീറ്റർ ലേഔട്ടിലാണ് ഈ ഇലക്ട്രിക് കാർ വരുന്നത്.
എംജി ക്ലൗഡ് ഇവിയുടെ ഒരു ടെസ്റ്റിംഗ് മോഡലിന്റെ ചിത്രങ്ങൾ ഇതിനകം പുറത്ത് വന്നിരുന്നു. എം.ജി. ഇസഡ്.എസ്. ഇലക്ട്രിക്കില്‍ നല്‍കിയിട്ടുള്ളതിന് സമാനമായാണ് അലോയി വീല്‍ വന്നിട്ടുള്ളത്. ഫെന്‍ഡറിലാണ് ചാര്‍ജിങ്ങ് പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലാണ് വശങ്ങളില്‍ നല്‍കിയിട്ടുള്ളത്
ഫ്ലോട്ടിംഗ് സ്‌ക്രീനും ഡിജിറ്റൽ ഡിസ്‌പ്ലേ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും മധ്യഭാഗത്ത് വലിയ ടച്ച്‌സ്‌ക്രീനും ഉണ്ടായിരിക്കും. ഇന്തോനേഷ്യൻ വിപണിയിൽ, ഈ കാർ ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം) സാങ്കേതികവിദ്യയും 360 ഡിഗ്രി ക്യാമറ ഫീച്ചറുമായാണ് ഇത് വരുന്നത് .
ആഗോള വിപണിയിൽ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുമായാണ് ഈ ഇവി വരുന്നത്. 37.9kWh ബാറ്ററി പായ്‌ക്ക് ഉണ്ട്, ഇത് ഒറ്റ ചാർജിൽ 360 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നു. 50.6kWh ബാറ്ററി പായ്‌ക്കാണ് മറ്റൊന്ന്, ഒറ്റ ചാർജിൽ 460 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.പുതിയ ക്ലൗഡ് ഇവി മോഡലിന് 20 ലക്ഷം രൂപയിൽ താഴെയാകും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.