മലപ്പുറം: ദളിത് വിദ്യാർത്ഥിയെ പഞ്ചായത്തിലെ അസിസ്റ്‍റൻറ് സെക്രട്ടറി അപമാനിച്ചതായി പരാതി. ദളിത് വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ് വാങ്ങാനെത്തിയ കുട്ടിയെ മലപ്പുറം കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്തിലെ അസിസ്റ്‍റൻറ് സെക്രട്ടറി അപമാനിച്ചെന്നാണ് പരാതി. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ മലപ്പുറം എസ്പിക്ക് പെൺകുട്ടി പരാതി സമർപ്പിച്ചു.
ദളിത് വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വാങ്ങാനാണ് ബിരുദ വിദ്യാർത്ഥിയും സഹോദരനും പഞ്ചായത്തിലെത്തിയത്. സമർപ്പിച്ച രേഖകൾ ശരിയല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കയർത്തു. ജാതി പേര് വിളിച്ച് അധിക്ഷേപിച്ചതായും ഇവർ പറഞ്ഞു. കോളേജിൽ നിന്ന് ലഭിച്ച രേഖയുടെ ഒറിജിനൽ സമർപ്പിച്ചെങ്കിലും അത് ഫോട്ടോകോപ്പിയാണെന്നായിരുന്നു അസിസ്റ്റന്റ് സെക്രട്ടറിയുടെ പരാതി. ഒറിജിനൽ ആണെന്ന് പറഞ്ഞെങ്കിലും പൊതുജനത്തിനിടയിൽ വച്ച് അപമര്യാദയായി പെരുമാറുകയായിരുന്നുെവന്ന് പെൺകുട്ടി പറഞ്ഞു.
പിന്നാലെ ഇവർ വാർഡ് മെമ്പറെ സമീപിച്ച് കാര്യം ധരിപ്പിച്ചെങ്കിലും അസിസ്റ്‍റൻറ് സെക്രട്ടറി പഞ്ചായത്തംഗത്തിനെതിരെയും വളരെ മേശമായാണ് പെരുമാറിയതെന്ന് വിദ്യാർത്ഥിനി സമർപ്പിച്ച പരാതിയിൽ പറയുന്നു. ശരിയായ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് അസിസ്റ്‍റൻറ് സെക്രട്ടറിയുടെ വാദം. വിദ്യാർത്ഥിനിയുടെ പേരിൽ വന്ന ലാപ്ടോപ്പ് അവർക്ക് നൽകിയെന്നും സ്വീകരിച്ചില്ലെന്നുമാണ് സെക്രട്ടറി പറയുന്നു.